തലശ്ശേരി: കേരള ഫ്യൂച്ചർ ടെക്‌നോളജി ഹബ് തലശ്ശേരി എൻജിനിയറിംഗ് കോളേജിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. കിഫ്ബി ധനസഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എൻജിനിയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി കേപ്പ് തയാറാക്കിയ 50 കോടി രൂപയുടെ പ്രൊജക്ടിന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തത്വത്തിൽ അംഗീകാരം നൽകി.
ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്, ട്രെയിനിംഗ് ആൻഡ് സ്‌കിൽ ഡവലപ്‌മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തിൽ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള ഗവേഷണവികസന പദ്ധതി നിർവഹണത്തിന് അവസരം നൽകൽ, സംരംഭക അവസരങ്ങളിലേക്കും വ്യവസായ മെന്റേൺഷിപ്പിലേക്കും നേരിട്ട് പ്രവേശനം നൽകുന്ന കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ രൂപീകരിക്കൽ, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നിർദിഷ്ട ഇൻഡസ്ട്രിയൽ പാർക്ക് കൂടി ഉൾപ്പെടുത്തി വ്യവസായം, തൊഴിൽ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന നിലയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വിശദമായി പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്നതിന് അസി. പ്രൊഫസർ ഡോ. ഉമേഷിന്റെ നേതൃത്വത്തിൽ ഒരു ടീം രൂപീകരിക്കുന്നതിനും തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് 13ന് കിഫ്ബിയുമായി ചർച്ച നടത്തുന്നതിനും തീരുമാനിച്ചു.
സഹകരണ വകുപ്പ് മന്ത്രിയുമായും കിഫ്ബി സി.ഇ.ഒയുമായും നിയമസഭാ സ്പീക്കർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കേപ്പിന് കീഴിലുള്ള എൻജിനിയറിങ് കോളേജിൽ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കമായത്.
സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.പി.കെ പത്മകുമാർ, അഡീ.പ്രൈവറ്റ് സെക്രട്ടറി ദീപു പി നായർ, കേപ്പ് ഡയറക്ടർ ഡോ. താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്. ജയകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ അർജ്ജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.