ന്യൂമാഹി: മയ്യഴിപ്പുഴയിൽ നിന്ന് ഉപ്പ് വെള്ളം കയറി വർഷങ്ങളായി കൃഷിനാശം സംഭവിച്ച്, തരിശിടമായി മാറിയ
പാത്തിക്കൽ പാലാഴിത്തോട് ഭാഗത്തെ മൂന്നൂറ് ഹെക്ടർ സ്ഥലം പുതിയ റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൃഷിയുക്തമായി മാറും. 17 കോടി രൂപ ചെലവിലാണ് ഉപ്പ് വെള്ളം കയറുന്നത് തടയാനുള്ള ഒളവിലം പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായി വരുന്നത്.
ഈ ബഹുമുഖ പദ്ധതി ഡിസംബറിൽ പൂർത്തിയാകുന്നതോടെ, പാലാഴി തോടിന്റെ ഇരുവശവും മൂന്ന് കിലോമീറ്റർ ദൂരം ഭിത്തി കെട്ടിസംരക്ഷിക്കപ്പെടുകയും, നടപ്പാത നിർമ്മിക്കുകയും ചെയ്യും. പ്രഭാത സായാഹ്ന സവാരിക്കാർക്കും കാൽ നടയാത്രികൾക്കുമെല്ലാം ഹരിതഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാവും. പെഡൽ ബോട്ടുകളും മറ്റും ഉപയോഗിച്ച് ജലകേളി നടത്താനും, പാലാഴി തോടിന്റെ ഉദ്ഭവ കേന്ദ്രമായ, ആത്മീയതയും, പ്രകൃതി ലാവണ്യവും മുറ്റിനിൽക്കുന്ന കനകമലയാത്രയും സാദ്ധ്യമാക്കാനുമാകും.
കണ്ടൽ വനങ്ങളുടെ ഹരിത സൗന്ദര്യം ആസ്വദിച്ച്, തെളിമയാർന്ന ജലപ്പരപ്പിലൂടെ, ജില്ലാ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബണ്ട് റോഡ് ഉല്ലാസ കേന്ദ്രവും കടന്ന്, നടക്കൽ പാലവും പിന്നിട്ട്, ഗ്രാമീണ ഹൃദയത്തിലൂടെ, പ്രകൃതിയുടെ വശ്യസൗന്ദര്യം നുകർന്ന്, പെട്ടിപ്പാലം വരെ സഞ്ചരിക്കാനാവും. റഗുലേറ്ററിനോട് ചേർന്നാണ് ദൈർഘ്യമേറിയ തലശ്ശേരി- മാഹി ബൈപാസ്സ് റോഡ് പാലം കടന്നുപോകുന്നത്. ഇപ്പോൾ തന്നെ നാടൻ കള്ളിന്റേയും, നാട്ടു മത്സ്യവിഭവങ്ങളുടേയും വിൽപ്പന കേന്ദ്രം കൂടിയാണിത്. വീതിയേറിയ പുഴയും, തോടും സംഗമിക്കുന്ന ഇവിടം പ്രകൃതി മനോഹാരിതയുടെ മായിക ഭൂമികയാണ്.
വെള്ളപ്പൊക്കം തടയാം
മഴക്കാലത്ത് ഈ ഭാഗങ്ങളിൽ വർഷം തോറുമുണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കത്തിൽ നിന്ന് പരിസരത്തെ നിരവധി വീട്ടുകാർക്ക് ശാശ്വതമായി മോചനമുണ്ടാകും. വെള്ളം കയറുമ്പോൾ ഇനി വീടൊഴിഞ്ഞ് പേകേണ്ടി വരില്ല. മയ്യഴിപ്പുഴയിൽ വേലിയേറ്റത്തിലുണ്ടാവുന്ന വെള്ളം കയറലും തടയപ്പെടും. നെൽകൃഷിയോടൊപ്പം മത്സ്യകൃഷിയും സാദ്ധ്യമാകും. സമീപ പ്രദേശങ്ങളിലെ നിരവധി വീട്ടുകിണറുകളിലെ ഉപ്പ് വെള്ള സാന്നിദ്ധ്യവും ഇല്ലാതാവും.
ഗതാഗതം സുഗമമാകും
റഗുലേറ്ററിന് മുകളിൽ നിർമ്മിച്ച പാലത്തിലൂടെ പെരിങ്ങാടി -ഒളവിലം -പള്ളിക്കുനിയിലേക്കുള്ള വാഹനയാത്രയും സുഗമമാകും.
സർക്കാറിനെ മാത്രം ആശ്രയിക്കാതെ, ജനകീയ പങ്കാളിത്തത്തോടെ കൃഷിയും, വിനോദ സഞ്ചാരവും വളർത്തിയെടുക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
എം.ഒ.ചന്ദ്രൻ, വൈസ് പ്രസിഡന്റ്,
ചൊക്ലി പഞ്ചായത്ത്