കാസർകോട്: വിവിധ ജില്ലകളിലെ വൈവിദ്ധ്യങ്ങളായ ഗോത്രകലാരൂപങ്ങളുടെ സംഗമസ്ഥാനമായി കുറ്റിക്കോൽ ഗ്രാമം. അന്യംനിന്നു പോകുന്ന ഇത്തരം കലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പിലാക്കുന്ന ജനഗൽസ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് ജില്ലകളിലെ കലകാരന്മാർ രണ്ട് ദിവസങ്ങളിലായി കാസർകോട് ജില്ലയിലെ കുറ്റിക്കോലിൽ ഒത്തുചേർന്നത്.
പാളത്തൊപ്പിയണിഞ്ഞ സ്ത്രീകളുടെ സംഘം ജനഗൽസ വേദിയിൽ കൊറഗ നൃത്തത്തിന്റെ ചുവടുകൾ വെച്ചപ്പോൾ സദസ്സിന് വ്യത്യസ്തമായ അനുഭവമാണ് പകർന്നത്. കൊറഗ ഭാഷയിൽ പാട്ടിന്റെ ശീലുകൾ കൂടി ഒത്തുചേർന്നതോടെ കൊറഗ നൃത്തം കാണികളുടെ മനം കവർന്നു. പുലിക്കുന്നിൽ നിന്നുമുള്ള സഞ്ജീവ സംഘമാണ് കൊറഗ നൃത്തം അവതരിപ്പിച്ചത്.
ജില്ലയിലെ പ്രത്യേക ഗോത്രവർഗ്ഗമായ കൊറഗ സമുദായത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് കൊറഗ നൃത്തം. കാത് കുത്ത്, കല്ല്യാണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. പ്രായമുള്ളവരാണ് ഇതിൽ പങ്കെടുക്കുന്നത്. നൃത്തത്തിന്റെ അവസാനഭാഗത്തിൽ നൃത്തത്തിന് ചുവടുവച്ചവരിൽ ഏറ്റവും പ്രായം കൂടിയ സ്ത്രീക്ക് താളം കൈകാര്യം ചെയ്തവിരിൽ ഒരാൾ മാലയിട്ട് അനുഗ്രഹിക്കുന്നു.
കൊറഗ നൃത്തത്തിനു പുറമെ കാസർകോട് തദ്ദേശിയ ജനതയുടെ തനത് കലാരൂപങ്ങളായ എരുതുകളി, മംഗലംകളി, കണ്ണൂർ ജില്ലയിലെ തദ്ദേശീയ കലാരൂപമായ കൊക്കമാന്തികളി, വയനാട് ജില്ലയിലെ നടൻ കലകളുടെ അവതരണം, കോഴിക്കോട് ജില്ലയിൽനിന്നുള്ള വട്ടകളി, മലപ്പുറത്തേ ഗുഡിമനെ, പാലക്കാടിന്റെ കൊട്ടുകുഴലും, അട്ടപ്പാടിയിൽ നിന്നുള്ള ഇരുള നൃത്തം, ഇടുക്കിയിലെ കൊല്ലവയാട്ടം എന്നിവയും അരങ്ങേറി. പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ജനഗൽസ വേദിയിൽ അവതരിപ്പിച്ച കൊറഗ നൃത്തം