mahi
മാഹി നഗരസഭാ കാര്യാലയം

മാഹി: മയ്യഴി നഗരസഭയടക്കം പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട്
19 വർഷങ്ങൾ കഴിയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നടക്കാത്തതിൽ പുതുച്ചേരിയിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കോ നേതാക്കൾക്കോ യാതൊരു പരിഭവവുമില്ലെന്നതാണ് യാഥാർത്ഥ്യം.
ത്രിതല ഭരണ സംവിധാനം രാജ്യമെങ്ങും വിജയകരമായി നടക്കുമ്പോൾ മാഹിയുൾപ്പടെ പുതുച്ചേരിയിൽ മാത്രം ഇത് ആർക്കും വേണ്ടാത്ത ഒരു സംവിധാനമായി. തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം കൈവന്നാൽ ചെറുമണ്ഡലങ്ങളിലെ എം.എൽ.എമാർക്ക് അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് രാഷ്ട്രീയ കക്ഷികൾക്ക്.

1968ന് ശേഷം പ്രമുഖ അഭിഭാഷകനായ ടി. അശോക് കുമാർ ചെന്നൈ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 38 വർഷത്തിനുശേഷം 2006ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്.
ആ കൗൺസിലിന്റെ കാലാവധി 2011ൽ കഴിഞ്ഞെങ്കിലും, ഇന്നുവരെ തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ല.
അശോക് കുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത് കൊണ്ട് 2018ൽ ഇലക്ഷൻ നടത്തുവാൻ സുപ്രീംകോടതി ഉത്തരവിടുകയും എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാത്തതിനാൽ അശോക് കുമാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹരിജി ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി 2021ൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തുവാൻ ഉത്തരവിടുകയുമുണ്ടായി.
അതിന്റെ അടിസ്ഥാനത്തിൽ 2021ൽ രണ്ടു പ്രാവശ്യം ഇലക്ഷൻ പ്രഖ്യാപിച്ചുവെങ്കിലും, പുതുച്ചേരിയിലുള്ള പ്രതിപക്ഷ നേതാവും മറ്റ് എം.എൽ.എമാരും മദ്രാസ് ഹൈക്കോടതിയിലെ സമീപിച്ചതു കൊണ്ട് ഇലക്ഷൻ നീണ്ടു പോകുകയാണ് ചെയ്തത്.
ഇപ്പോൾ പിന്നോക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണം എന്നാണ് മദ്രാസ്‌ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ശശിധരനെ ഏകാംഗ കമ്മിഷനായി നിയമിച്ചിട്ടുണ്ട്. എന്നാൽ മിക്ക മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും അവരുടെ പരിധിയിലുള്ള പിന്നോക്ക വിഭാഗത്തിന്റെ കണക്കുകൾ കമ്മിഷന് ഇതുവരെ നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇലക്ഷൻ അനന്തമായി നീണ്ടുപോവുകയാണ്.

പഴക്കം ചെന്ന മുനിസിപ്പാലിറ്റി

ഇന്ത്യയിൽ തന്നെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റിയാണ് മാഹി മുനിസിപ്പാലിറ്റി. 1793ൽ തന്നെ ഫ്രഞ്ചുകാരനായ ബോയ്യേ മേയറായി മാഹിയിൽ മുനിസിപ്പാലിറ്റി കൗൺസിൽ നിലവിൽ വന്നിരുന്നു. അതിനുശേഷം ഫ്രഞ്ചുകാരുടെ കാലത്ത് കൃത്യമായി ഇലക്ഷൻ നടക്കാറുണ്ടായിരുന്നു. ഫ്രഞ്ചുകാർ മയ്യഴിയിലുള്ള ആളുകളെ സ്വന്തം പൗരന്മാരായി കണ്ടതുകൊണ്ട് ഇവിടെ മയ്യഴിക്കാർക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. 1880 ൽ തന്നെ മയ്യഴിക്കാരനായ വടുവൻ കുട്ടി വക്കിൽ മാഹിയിൽ മേയർ ആയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മൂന്നു തിരഞ്ഞെടുപ്പുകൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ.

നഷ്ടമായത് 5000 കോടി കേന്ദ്രസഹായം

ഇലക്ഷൻ നടത്താത്തത് കൊണ്ട് കേന്ദ്ര വിഹിതത്തിൽ സർക്കാരിന് ഇതുവരെ 5000ത്തിൽ പരം കോടി രൂപയുടെ സഹായമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പല പഞ്ചായത്തുകൾക്കും ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കേന്ദ്രവിഹിതം നഷ്ടപ്പെട്ടതു കൊണ്ടുണ്ടായിട്ടുള്ളത്.

മുൻസിപ്പൽ,​ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തിക്കാൻ വേണ്ട നടപടി എടുക്കുവാൻ വീണ്ടും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും

അഡ്വ. അശോക് കുമാർ