തൃക്കരിപ്പൂർ: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിവിധ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. തൃക്കരിപ്പൂർ, പടന്ന, പിലിക്കോട്, വലിയപറമ്പ് പഞ്ചായത്ത് പരിധിയിലെ ഗുണഭോക്താക്കൾക്കാണ് കൃത്രിമകാൽ, ഇലക്ട്രോണിക് വീൽചെയറുകൾ എന്നിവ വിതരണം ചെയ്തത്. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസിലെ പി.കെ രഘുനാഥ് സംസാരിച്ചു. ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ആറ് ഇലക്ട്രോണിക് വീൽ ചെയറുകളും മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ വില വരുന്ന രണ്ട് കൃത്രിമ കാലുകളുമാണ് തൃക്കരിപ്പൂരിൽ വിതരണം ചെയ്തത്.