കണ്ണൂർ: ഷൊർണൂർ -കണ്ണൂർ മെമു ട്രെയിൻ കാസർകേടേക്ക് നീട്ടണമെന്ന ആവശ്യം ശക്തമായി. പുലർച്ചെ അഞ്ചിന് ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്ന മെമു ഒൻപതോടെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തും. പിന്നീട് മണിക്കൂറുകൾ നിർത്തിയിട്ട ശേഷം വൈകീട്ട് 5.20നാണ് മടക്കം. എട്ടുമണിക്കൂറോളം മെമു റെയിൽവേ സ്‌റ്റേഷനിൽ വെറുതെ നിർത്തിയിട്ട അവസ്ഥയിലാണ്. യാത്രക്കാരെ തികച്ചും ദുരിതത്തിലാക്കുന്ന നടപടിയാണിതെന്നാണ് ആക്ഷേപം.

ഇത്തരത്തിൽ നിർത്തിയിടുന്നതിന് പകരം മെമു സർവീസ് മംഗളൂരിലേക്കോ അല്ലെങ്കിൽ കാസർകോടേക്കോ എങ്കിലും നീട്ടി നൽകണമെന്നും യാത്രക്കാർ ദീർഘ നാളായി ആവശ്യപ്പെടുന്നു. നിലവിൽ മെമു മംഗളൂരു ഭാഗത്തേക്ക് നീട്ടാൻ സങ്കേതിക തടസങ്ങളൊന്നും ഇല്ല. എം.പിമാർ ക്യത്യമായ ഇടപെട്ടാൻ നടപടിയുണ്ടാകുമെന്നും യാത്രക്കാർ പറഞ്ഞു. മംഗളൂരുവിലേക്ക് നീട്ടിയാൽ രാവിലത്തെ യാത്രാ ദുരിതത്തിനൊപ്പം ഉച്ചതിരിഞ്ഞ് മണിക്കൂറുകൾ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ ഇല്ലാത്തതിനും പരിഹാരമാകും. കണ്ണൂർ കാസർകോട് റൂട്ടിൽ നീട്ടിയാൽ 16 സ്റ്റേഷനിലും മംഗളുരുവിലേക്ക് നീട്ടിയാൽ അധികമായി നാലിടത്തുമാണ് മെമു നിർത്തേണ്ടത്.


ആകെയുള്ളത് കണ്ണൂർ -മംഗളൂരു പാസഞ്ചർ

നിലവിൽ 7.45ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ -മംഗളൂരു പാസഞ്ചറാണ് യാത്രക്കാരുടെ ആശ്രയം. ഇത് 9.35 ഓടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലെത്തും. കാസർകോട് ഭാഗത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെ എല്ലാവരും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഇത് കണ്ണപുരം വിട്ടാൽ വലിയ തിരിക്കാണനുഭവപ്പെടുന്നത്. ആളുകൾ തലകറങ്ങി വീഴുന്നതും ക്ഷീണമാകുന്നതുമെല്ലാം സ്ഥിരം സംഭവമാണ്. നേരത്തെ 14 കോച്ചുണ്ടായിരുന്നതും കുറച്ചിട്ടുണ്ട്. താൽക്കാലികമായാണ് കുറച്ചതെന്ന് പറഞ്ഞെങ്കിലും ഇതുവരെ കോച്ചുകൾ വർധിപ്പിച്ചിട്ടില്ല. ഇതോടെ യാത്രക്കാർക്ക് വീർപ്പുമുട്ടി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. അതേസമയം ഷൊർണൂർ- കണ്ണൂർ മെമു കോച്ച് 12 ഉണ്ടായിരുന്നത് 16 ആയി വർദ്ധിപ്പിക്കുകയു ചെയ്തു.