photo-
പാലം.

പഴയങ്ങാടി: പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണം ജനുവരി മാസത്തോടെ പൂർത്തിയാകും. എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന പ്രവൃത്തി അവലോകന യോഗം പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.

പിലാത്തറ - പഴയങ്ങാടി - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി കുപ്പം പുഴക്ക് കുറുകെ നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പലത്തിന്റെ നിർമ്മാണം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണ് പാലം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് യാതൊരു തടസവും ഇല്ലാത്ത നിലയിൽ അവരുടെ ആശങ്ക പരിഗണിച്ച് പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും ഒഴുക്ക് തടസപ്പെടുത്താതെയുമാണ് പ്രവൃത്തി നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. യോഗത്തിൽ കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി മനോജ് കുമാർ, ജാസ്മിൻ കൺസ്ട്രക്ഷൻ പ്രതിനിധി ടി.എ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

9 സ്പാനുകൾ, 246.15 മീറ്റർ നീളം

9 സ്പാനുകളായി 246.15 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് ജലഗതാഗത സൗകര്യത്തിനായി 55.05 മീറ്റർ നീളത്തിൽ സെന്റർ സ്പാനും നിർമ്മിക്കും. പ്രീ സ്ട്രെസ്ഡ് കോൺഗ്രീറ്റ് ഗർഡർ, സോളീഡ് സ്ലാബ് ടൈപ്പിൽ നിർമ്മിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയിൽ അനുബന്ധ റോഡും നിർമ്മിക്കും. 66 പൈലുകളിൽ 66ഉം 10 പൈൽ ക്യാപ്പ് പ്രവൃത്തിയിൽ 8 എണ്ണവും പൂർത്തിയായി. പിയർ, പിയർ ക്യാപ്പ് ഉൾപ്പടെയുളള മറ്റ് പ്രവൃത്തികളും പുരോഗമിക്കുകയാണ്.