പഴയങ്ങാടി: മാടായിപ്പാറയിലെ കാക്കപ്പൂവിന്റെ മുകളിൽ ഇരുചക്ര വാഹനം കയറ്റി റീൽസ് പകർത്തൽ വ്യാപകമാവുകയാണ്. മാടായിപ്പാറയിലെ ഐ.ടി.ഐക്ക് സമീപം നിറയെ കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലത്താണ് കഴിഞ്ഞദിവസം ബൈക്ക് കയറ്റി മൂന്ന് കൗമാരക്കാർ റീൽസ് എടുത്തത്. പ്രദേശത്തെ സ്ത്രീകൾ അടക്കം പറഞ്ഞിട്ടും ഇവർക്ക് കരുണ തോന്നിയില്ല എന്ന് മാത്രമല്ല ബൈക്ക് അവിടെ നിന്ന് മാറ്റുവാൻ പോലും തയ്യാറായില്ല. ഒടുവിൽ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ബൈക്ക് എടുത്തുമാറ്റുകയായിരുന്നു. ഇരുചക്ര വാഹനത്തിന്റെ മുൻവശം നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത നിലയിലായിരുന്നു. കണ്ണൂർ വാരം സ്വദേശികളാണ് സംഭവത്തിന് പിന്നിൽ. ഇത്തരത്തിൽ മാടായിപ്പാറയിൽ നിരവധി വാഹനങ്ങളാണ് കാക്കപ്പൂവിനു മുകളിലേക്ക് വാഹനങ്ങൾ കയറ്റി ഇറക്കുന്നത്. മാടായിപ്പാറയിലെ കാക്കപ്പൂവ് കാണുവാൻ ദൂരദേശത്തിൽ നിന്നുപോലും ആളുകൾ എത്തുകയാണ്. അതിനിടെയാണ് ചിലരുടെ ഇത്തരത്തിലുള്ള പരാക്രമം.