കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെ പ്രതിരോധിക്കാൻ, മണ്ണറിഞ്ഞ് വിളവിറക്കാനുള്ള ബദലുമായി സംസ്ഥാന ഭൂവിനിയോഗ വകുപ്പ്. അഞ്ചരക്കണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ പത്തു പഞ്ചായത്തുകളിലാണ് ആദ്യഘട്ടമായി നടപ്പാക്കുക.
ജലസ്രോതസ്സുകൾ, അവയുടെ പ്രശ്നങ്ങൾ, കാർഷിക വികസന സാധ്യതകൾ, ഭൂവിനിയോഗം, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ എന്നിവ പദ്ധതി അവലോകനം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിൽ വിള ഭൂപടങ്ങൾ തയ്യാറാക്കും. കൃഷിയിൽ ഭൂമിയുടെ സാധ്യതകൾ പഠനവിധേയമാക്കും. പ്രദേശത്തിനനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കുന്നതിലൂടെ പരിമിതമായ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ ഉത്പാദനം സാധ്യമാകും. പ്രദേശത്തിന് അനുയോജ്യമല്ലാത്ത വിളകൾ കൃഷി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന മണ്ണൊലിപ്പ്, ജലശോഷണം എന്നിവയ്ക്ക് പരിഹാരവും ഇതിലൂടെ സാധ്യമാകും.
പഠനത്തിലൂടെ തയ്യറാക്കുന്ന വിള ഭൂപടം പഞ്ചായത്തുകൾക്ക് കാർഷിക വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഏറെ സഹായകരമാകും.
നിലവിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള 10 കാർഷിക പാരിസ്ഥിതിക യൂനിറ്റുകളിൽ ജി.ഐ.എസ് സംവിധാനം ഉപയോഗിച്ച് വിള ഭൂപടങ്ങൾ തയാറാക്കുകയും വിള സർവ്വേ നടത്തുകയും ചെയ്തു. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഇത് നടപ്പാക്കിയത്. സമുചിത വിള നിർണ്ണയം അഞ്ചരക്കണ്ടി, നെന്മേനി, ഓമല്ലൂർ, ഓച്ചിറ എന്നിവിടങ്ങളിൽ പൂർത്തിയായിട്ടുണ്ട്.
സമുചിത വിളനിർണയ പദ്ധതി
ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥ, ഭൂപ്രകൃതി, ജലലഭ്യത എന്നിവ പഠിച്ച് അവിടെ ഏറ്റവും അനുയോജ്യമായ വിളകളും കൃഷിരീതികളും നിർണയിക്കുന്ന പദ്ധതിയാണ് സമുചിത വിള നിർണ്ണയം. ആദ്യഘട്ടമായി ഓരോ പഞ്ചായത്തിലെയും നിലവിലെ കാർഷിക സാഹചര്യം ഉത്പാദനം, ഉത്പാദനക്ഷമത, ഉത്പാദനത്തിലെ കുറവ്, അതിന്റെ കാരണങ്ങൾ എന്നിവ വിശദമായി പഠിക്കും. ഭൂവിനിയോഗ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ലാൻഡ് റിസോഴ്സ് ബേസ്ഡ് പേർസ്‌പെക്ടീവ് പ്ലാൻ 2020 എ ഡി അടിസ്ഥാനമാക്കിയാണ് നിലവിലെ സാഹചര്യങ്ങൾ പഠിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ കണ്ടെത്തുകയും ഇതുസംബന്ധിച്ച് കർഷകർക്ക് മാർഗനിർദ്ദേശം നൽകുകയും ചെയ്യും. ഉത്പന്നങ്ങൾക്ക് മികച്ച വിപണന സാദ്ധ്യതകൾ കണ്ടെത്തുന്നതിനായി വിശദമായ പഠനവും പദ്ധതിയുടെ ഭാഗമായി നടക്കും.
ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
സമുചിത വിള നിർണയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും ലാൻഡ് റിസോഴ്സ്സ് ഇൻഫോർമേഷൻ സിസ്റ്റം വെബ്‌സൈറ്റ് പ്രകാശനവും ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഭൂവിനിയോഗ വകുപ്പ് പൂർത്തീകരിച്ച അഞ്ചരക്കണ്ടി, നെന്മേനി, ഓമല്ലൂർ, ഓച്ചിറ എന്നീ കാർഷിക പാരിസ്ഥിതിക യൂണിറ്റുകളിലെ സമുചിത വിള നിർണയ റിപ്പോർട്ടുകൾ കണ്ണൂർ നഗരസഭാ മേയർ മുസ്ലിഹ് മഠത്തിൽ പ്രകാശനം ചെയ്യും.