കാസർകോട്: ഉത്തര മലബാറിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും പൂജാദി കർമ്മങ്ങളും അടിയന്തരാദി കാര്യങ്ങളും നിർവഹിക്കാൻ നിയോഗിക്കപ്പെട്ട 2500 ഓളം വരുന്ന ആചാര സ്ഥാനികർക്ക് പ്രത്യേക പരിഗണന നൽകുന്ന വിഷയം മലബാർ ദേവസ്വം ബോർഡ് ഗൗരവമായി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന അഭിപ്രായം സജീവമായി. ക്ഷേമ പെൻഷൻ നൽകുന്നത് പോലെ പ്രതിമാസ സാമ്പത്തിക സഹായം നൽകി ഇവരെ ഒതുക്കുന്നതിന് പകരം ദേവസ്വം ബോർഡിന്റെ ജീവനക്കാരായി അംഗീകരിച്ചു കൊണ്ട് മാസം തോറും സർക്കാർ ശമ്പളം നൽകുന്ന സ്ഥിതിയുണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. ദേവസ്വം ബോർഡ് ചർച്ച ചെയ്തു ശുപാർശ നൽകി സർക്കാരിനെ കൊണ്ട് തീരുമാനം എടുപ്പിക്കുന്നതിന് നിയമ തടസമൊന്നും ഇല്ലെന്നാണ് ഭരണരംഗത്തെ വിദഗ്ധർ പറയുന്നത്. ആചാരസ്ഥാനികരുള്ള എല്ലാ സമുദായങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കുന്ന സ്ഥിതിയുമുണ്ടാകും.
ആചാര സ്ഥാനികന്മാരുടെ സാമ്പത്തിക സ്ഥിതി ദയനീയ അവസ്ഥയിലാണ്. ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങളുടെയും അടിയന്തരാദി കാര്യങ്ങളുടെയും ചുമതലയേറ്റു കഴിഞ്ഞാൽ പിന്നെ അവർക്ക് ജോലിക്കും പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
ഉത്തര മലബാ
പ്രതിമാസ വേതനം ലഭിക്കുന്നവർ
തീയ്യ, യാദവ, വാണിയ, വിശ്വകർമ്മ, പത്മശാലിയ, ധീവര, മുകയ, മുക്കുവ, എസ്.സി, എസ്.ടി എന്നിവരും കോലധാരികളായ മലയൻ, വണ്ണാൻ, കോപ്പാളർ, മാവില, കലയപ്പാടി തുടങ്ങിയവരും. തീയ്യ സമുദായത്തിന് 145 ക്ഷേത്രങ്ങളിലായി 480 ആചാരസ്ഥാനികർക്ക് വേതനം ലഭിക്കുന്നുണ്ട്. 2024 മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിച്ചതിൽ 280 പേരെ അംഗീകരിച്ചുവെങ്കിലും അവർക്ക് ഇതുവരെയായി വേതനം നൽകി തുടങ്ങിയിട്ടില്ല. പുതിയ അപേക്ഷകൾ നൽകേണ്ടുന്ന 100 പേർ ഇപ്പോഴും പുറത്തുണ്ട്. മറ്റു സമുദായങ്ങളിലെയും കോലധാരികളിലെയും അടക്കം 900 ത്തോളം പേരാണ് കാസർകോട് ഡിവിഷനിൽ നിന്ന് വേതനം കൈപ്പറ്റുന്നത്. കാസർകോട് ജില്ല പൂർണ്ണമായും തളിപ്പറമ്പ് താലൂക്കുമാണ് കാസർകോട് ഡിവിഷൻ പരിധിയിൽ വരിക. തലശ്ശേരി, കോഴിക്കോട് ഡിവിഷനുകളിൽ നിന്നും വേതനം പറ്റുന്നവരുണ്ട്. ഇതിൽ കോലധാരികൾക്ക് 60 വയസ് കഴിഞ്ഞാൽ ആണ് വേതനം ലഭിക്കുക.
പ്രത്യേക ഫണ്ട് ഇതുവരെയും വെച്ചില്ല
2006 ൽ 575 വീതം നൽകി തുടങ്ങിയത് ടൂറിസം പദ്ധതികൾക്കായി മാറ്റിവച്ച ഫണ്ട് ഉപയോഗിച്ചായിരുന്നു. അതിന് ശേഷം 19 കൊല്ലമായി വേതനം നൽകി വരുന്നുണ്ടെങ്കിലും ഈ പദ്ധതിക്ക് വേണ്ടി മാത്രമായി ഒരു ഫണ്ട് മാറ്റിവെക്കാൻ ധനകാര്യ വകുപ്പ് തയ്യാറായിട്ടില്ല. ഓരോ വർഷവും ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വീതം അനുവദിക്കുന്നതായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്. ഈ തുക പല ഗഡുക്കളായാണ് ദേവസ്വം ബേർഡുകളുടെ ഡിവിഷനുകളിലേക്ക് നൽകുന്നത്. സർക്കാരിന്റെ മറ്റു പദ്ധതികളുടെ ഫണ്ട് വക മാറ്റിയാണ് ഇതിനായി തുക കണ്ടെത്തുന്നത്. ആചാര സ്ഥാനികരെ ദേവസ്വം ബോർഡിന്റെ ഭാഗമാക്കി മാറ്റിയാൽ പ്രത്യേക ഫണ്ട് മാറ്റി വെക്കുന്നതിനുള്ള തടസവും നീങ്ങികിട്ടും.