കാസർകോട്: ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം ഇന്ന് പെരിയ എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ സമുദായ ക്ഷേത്രങ്ങളിൽ നിന്നായി 1500 ഓളം ആചാര സ്ഥാനികർ സംഗമത്തിൽ സംബന്ധിക്കും. രാവിലെ 10ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഉത്തരമലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയർമാനും പെരിയ എസ്.എൻ കോളേജ് ട്രസ്റ്റ് പ്രസിഡന്റുമായ സി. രാജൻ പെരിയ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. എം.എൽ.എമാരായ എം. രാജഗോപാലൻ, സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എ.കെ.എം അഷ്‌റഫ്, ടി.ഐ മധുസൂദനൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.