കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മോചിതനായി മൂന്നാം ദിനം മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ഒല്ലൂർ സ്വദേശി സോഡ ബാബുവെന്ന ബാബുരാജിനെ കണ്ണൂർ ടൗൺ പൊലീസ് കുന്നംകുളത്ത് നിന്നും അറസ്റ്റുചെയ്തു. കണ്ണൂർ ശ്രീനാരായണ പാർക്കിനടുത്ത് റോഡിൽ നിർത്തിയിട്ട ബൈക്കായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച കവർന്നത്. ബൈക്ക് പിന്നീട് കൊയിലാണ്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജി, പി.കെ നാസർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനമാകെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പല തവണയായി പിടിക്കപ്പെട്ട് ജയിലിൽ കിടക്കുകയും വീണ്ടും മോഷണത്തിന് ഇറങ്ങുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.