കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി ഫണ്ടിൽ നടത്തുന്ന നവീകരണവും വികസന പ്രവൃത്തികളും രണ്ടുമാസത്തിനകം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.മെഡിക്കൽ കോളേജിൽ ചേർന്ന് നടന്ന അവലോകന യോഗത്തിലാണ് വാപ്‌കോസ് പ്രതിനിധിക്കും കരാർ കൈകാര്യം ചെയ്യുന്ന എച്ച്.എസ്. ഒബ്രോയ് പ്രതിനിധിക്കും മന്ത്രി നിർദേശം നൽകിയത്. പ്രവൃത്തി പൂർത്തീകരണത്തിനായി അധികസമയം അനുവദിക്കില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പാരാമെഡിക്കൽ ഹോസ്റ്റൽ സമയബന്ധിതമായി പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി പ്രതിനിധിക്കും മന്ത്രി നിർദേശം നൽകി.യോഗത്തിൽ എം. വിജിൻ എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സൈറു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി.ഷീബാ ദാമോദർ, സൂപ്രണ്ട് ഡോ.കെ.സുദീപ്, ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.സജി, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ.ഡി.കെ. മനോജ്, ഡോ.കെ.വിമൽ റോഹൻ, ആർ.എം.ഒ ഇൻചാർജ് ഡോ.കെ.പി.മനോജ് കുമാർ എന്നിവരും വിവിധ നിർമ്മാണ ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് എച്ച്.ഒ.ഡി.മാരുടെ പ്രത്യേക യോഗവും നടന്നു.
ഹൈ ലെവൽ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കും
ഇതുവരെ ചെയ്ത പ്രവൃത്തികൾ വിലയിരുത്തുന്നതിനായി ഹൈ ലെവൽ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. പ്രത്യേക എമർജൻസി ആൻഡ് ട്രോമാ കെയർ ബ്ലോക്കിന്റെ നിർമ്മാണത്തിനുള്ള നടപടികൾ അടിയന്തിരമായി പൂർത്തിയാക്കാൻ വാപ്‌കോസിന് മന്ത്രി നിർദേശം നൽകി. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി ഇൻകെൽ പ്രതിനിധി അറിയിച്ചു. പ്രവൃത്തി സെപ്തംബറിൽ ആരംഭിക്കും. ജീവനക്കാരുടെ ആഗിരണ നടപടികൾ മൂന്നുമാസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.