പഴയങ്ങാടി: പഴയങ്ങാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് എം.വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി വരെ ഡിവൈഡർ സ്ഥാപിച്ചു. പഴയങ്ങാടിയിലെയും, റെയിൽവേ അണ്ടർ പാസേജിലും മണിക്കൂറിലധികം ഉണ്ടാകുന്ന വാഹന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായത്.
ഇനി മുതൽ എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ പൊലീസ് പിഴ ചുമത്തും.
ബസുകൾ ബസ് സ്റ്റാന്റിൽ കയറുന്നതിനും, ഇറങ്ങുന്നതിനും പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ 3 ദിവസം നടപ്പിലാക്കും. പ്രായോഗികമാണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും. ബസ് സ്റ്റാന്റിൽ നിന്നും ബസിൽ യാത്രക്കാരെ കയറ്റിയതിന് ശേഷം മെയിൽ റോഡിൽ നിന്നും യാത്രക്കാരെ കയറ്റുന്നത് അപകടവും, ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കും.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, പയ്യന്നൂർ ഡിവൈ.എസ്.പി കെ വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ പി.വി വിജേഷ് , പൊതുമരാമത്ത് വകുപ്പ് ഓവർസിയർ നീന നാരായണൻ, കെ.പത്മനാഭൻ, എം.പി ഉണ്ണികൃഷ്ണൻ, ടി.വി ചന്ദ്രൻ, കെ.വി മനോഹരൻ, പി.വി അബ്ദുള്ള, ശ്യാം വിസ്മയ, ഹാരീസ്, പി.വി പത്മനാഭൻ സജിത്ത് , തുടങ്ങിയവർ ഡിവൈഡർ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.