കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ -വി.സി തർക്കം. എസ്.എഫ്.ഐ. സംഘടിപ്പിച്ച
'ആർട്ടിക്കിൾ 153' പരിപാടിയിൽ വൈസ് ചാൻസലർ രജിസ്ട്രാറോട് റിപ്പോർട്ട് തേടി. പരിപാടിക്ക് സർവകലാശാലയുടെ അനുമതിയില്ലെന്നാണ് വി.സിയുടെ വാദം. ഗവർണർക്കെതിരായ ഉള്ളടക്കം പരിപാടിയിൽ ഉണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.
പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. 'ആർട്ടിക്കിൾ 153 ആൾ അബൗട്ട് ഗവർണർ, നോട്ട് സഫ്രോണിസം' എന്ന പേരിലാണ് പരിപാടി നടത്തിയത്. സാംസ്‌കാരിക പരിപാടികളും ഭരണഘടന സംബന്ധിച്ച ചർച്ചകളും ഉൾപ്പെടെയാണ് പരിപാടി.
ഈ പരിപാടിയിലാണ് സർവകലാശാല വി.സി കെ.കെ. സാജു വിശദീകരണം തേടിയിട്ടുള്ളത്. നേരത്തേ
വി.സി ഇത്തരത്തിൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടക്കുന്ന പരിപാടികളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നായിരുന്നു സർക്കുലർ. എസ്.എഫ്.ഐയുടെ ഉൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ സർക്കുലർ പിൻവലിച്ചു.
സമാനമായാണ് യൂണിയൻ നടത്തുന്ന പരിപാടിയുടെ ഉള്ളടക്കം ഉൾപ്പെടെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്.