60 റെയിൽവേ ഓവർബ്രിഡ്ജുകൾക്കായി വകയിരുത്തിയത് 2028 കോടി രൂപ
തലശ്ശേരി: തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 60 റെയിൽവേ ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ ഓവർബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ 1800 കോടി രൂപ കിഫ്ബി വഴിയാണ് ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36 കോടി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊടുവള്ളി ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 26.31 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ റെയിൽവേ വിഹിതവുമാണ്. 16.25 ലക്ഷം രൂപ സ്ഥലമെടുപ്പിന് മാത്രം ചെലവിട്ടു. 123.6 സെന്റ് സ്ഥലം 27 പേരിൽ നിന്നും ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലതരത്തിലും പ്രയാസമുണ്ടായിരുന്നു. പദ്ധതി നാടിന് ഉപകാരപ്രദമാണെങ്കിലും ചിലർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ വിശിഷ്ടാതിഥിയായി. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും മന്ത്രി പി.എ മുഹമ്മദ് റിയാസും തുറന്ന വാഹനത്തിൽ പാലത്തിലൂടെ സഞ്ചരിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാറാണി, നഗരസഭ കൗൺസിലർ ടി.കെ. സാഹിറ, ആർ.ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നീളം 314 മീറ്റർ, വീതി 10.05 മീറ്റർ
പ്രത്യേക സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചിട്ടാണ് റെയിൽവേ ഗെയിറ്റിന് മുകളിലൂടെ 314 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 10.05 മീറ്റർ വീതിയാണ് ഈ പാലത്തിനുള്ളത്. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും, ഡെക് സ്മാബ് കോൺക്രീറ്റുമായാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്