കണ്ണൂർ: നഗരത്തിലെ തുളിച്ചേരി തോട്ടിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിയതിനെ തുടർന്ന് തോട്ടിലെ മീനുകൾ ചത്തു പൊങ്ങി. ദുർഗന്ധം കാരണം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായതിനൊപ്പം കിണറുകൾ മലിനപ്പെടുമോ എന്ന ആശങ്കയും ഉയർന്നു. ദുർഗന്ധത്തെ തുടർന്ന് പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് തോട്ടിൽ മീനുകൾ ചത്ത നിലയിലും ശുചിമുറി മാലിന്യം ഒഴുക്കിയതും ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ വർഷവും സമാനമായ അനുഭവം ഉണ്ടായിരുന്നു. കക്കാട് റോഡിനോട് ചേർന്നുള്ള ചേനോളി ലൈനിൽ നിന്നും ആരംഭിക്കുന്ന അഴുക്കുചാലുകൾ വന്നു ചേരുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്.
ഫ്ലാറ്റുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഉള്ള മാലിന്യം രാത്രി ഓവുചാലിലേക്ക് ഒഴുക്കി വിട്ടതായിരിക്കുമെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ വർഷം യൂണിറ്റി റസിഡന്റ്സ് അസോസിയേഷൻ, കക്കാട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കോർപ്പറേഷനെ സമീപിച്ചിരുന്നെങ്കിലും നിസാരവത്കരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
തോട്ടിൽ മാലിന്യം ഒഴുക്കിയ വിവരമറിഞ്ഞ് കെ.വി.സുമേഷ് എം.എൽ.എ, വാർഡ് കൗൺസിലർ സുനിഷ, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. സജില എന്നിവർ സ്ഥലം സന്ദർശിച്ചു.
മനുഷ്യാവകാശ കമ്മിഷൻ
ഉത്തരവ് കാറ്റിൽപ്പറത്തി
കഴിഞ്ഞ വർഷം തോട്ടിൽ ശുചിമുറി മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും മലിനമായിരുന്നു. റസിഡന്റ്സ് അസോസിയേഷൻ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഓടകളിലൂടെ സ്ഥാപനങ്ങളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും മാലിന്യം ഒഴുക്കുന്നത് തടയാൻ കോർപറേഷൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.