തലശ്ശേരി: 2008ൽ പാനൂർ പുത്തൂരിൽ സി.പി.എം. പ്രവർത്തകനെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ബി.ജെ.പി.-സി.പി.എം. സംഘർഷ സമയത്ത് സി.പി.എം.പ്രവർത്തകനെ ബി.ജെ.പി.പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.

പുത്തൂർ കണ്ണംപൊയിലിലെ കല്ലായിന്റവിട ബാലന്റെ മകൻ അനീഷ് (36) ആണ് കൊല്ലപ്പെട്ടത്. 2008 മാർച്ച് 7ന് പുലർച്ചെ 5 മണിയോടെ, വീട്ടിൽ നിന്ന് ജോലിക്ക് പോകാനിറങ്ങിയ അനീഷിനെ, വീടിന് സമീപം ബി.ജെ.പി. പ്രവർത്തകർ ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

പാനൂർ പുത്തൂർ സ്വദേശികളായ കെ.ജിയേഷ് അഥവാ ബിത്തു (40), ചമ്പാടൻ സന്തോഷ് (40), കുനിയിൽ വേണുഗോപാൽ (55), വടക്കെയിൽ സജീഷ് (35), ടി.കെ. സുബിൻ (44), തുപ്പാറത്ത് ശശി (44), ചുങ്കക്കാരന്റവിട രാഘവൻ (50), പന്തോക്കാലിൽ ബിജു (41), കെ. ഷിനോജ് (40), കെ. വിഷ്ണു (40), കുണ്ടുപറമ്പന്റവിട ബാബു (46), തെക്കെയിൽ പാറായി അനീഷ് (46), സ്വാമീന്റവിട സുരേന്ദ്രൻ (46) എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.