നീലേശ്വരം: അപകടക്കെണിയായി മാറിയ മടിക്കൈ കണിച്ചിറ വളവ് നികത്താനുള്ള പദ്ധതി ഫയലിൽ കുടുങ്ങി കിടക്കുന്നു. ദേശീയപാതയിലെ മാവുങ്കാൽ കല്യാൺറോഡിൽ നിന്നുമാരംഭിച്ച് മടിക്കൈ വഴി നീലേശ്വരം കോൺവെന്റ് റോഡിൽ കണിച്ചിറയിലെ അപകട വളവ് നികത്താൻ പദ്ധതികൾ പലതും മുന്നോട്ടു വച്ചെങ്കിലും ഒന്നും യാഥാർഥ്യമാകുന്നില്ല. അപകടങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണനും മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീതയും വൈസ് പ്രസിഡന്റ് വി പ്രകാശനും അന്നത്തെ ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും കളക്ടറുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് കണിച്ചിറവളവ് നികത്താനായി 2.4 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും സ്ഥലം വിട്ടുനൽകേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ ന്യായമായ നഷ്ടപരിഹാരം നൽകാതെ സ്ഥലം വിട്ടുനിൽക്കില്ലെന്ന വാദവുമായി ഉടമകൾ രംഗത്ത് വന്നു.
റോഡിന്റെ വികസനത്തിന് പലതവണ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ടെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഇത്തരം റോഡുകൾക്ക് നഷ്ടപരിഹാരം നൽകാൻ തങ്ങൾക്ക് വകുപ്പില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. ഇതോടെയാണ് വളവ് നികത്താനുള്ള പദ്ധതി തുടങ്ങിയിടത്തു തന്നെ നിലച്ചു പോയത്. അതിനിടയിൽ നാട്ടുകാരിൽ നിന്നും മറ്റും പണം സ്വരൂപിച്ച് ഉടമകൾക്ക് നൽകി ഭൂമി ഏറ്റെടുത്തുനൽകാമെന്ന് മടിക്കൈ പഞ്ചായത്ത് ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ പഞ്ചായത്തും പിന്നീട് പിന്നാക്കം പോയതായി നാട്ടുകാർ പറയുന്നു.
ദേശീയപാതയുടെ സമാന്തര പാത
ദേശീയപാതക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന ഈറോഡ് നേരത്തെ സി.ആർ.എഫ്. പദ്ധതിയിൽപ്പെടുത്തിയാണ് മെക്കാഡം ടാറിംഗ് നടത്തിയത്. ഭൂമി ഏറ്റെടുക്കാനുള്ള പ്രയാസം കാരണം കണിച്ചിറയിലെ ചെങ്കുത്തായ അപകടവളവ് നിവർത്താതെയാണ് റോഡ് നവീകരിച്ചത്. അപകടം കുറക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം അപകടവളവിൽ കമ്പിവേലി നിർമ്മിച്ചതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഭാരമുള്ള വലിയ വാഹനങ്ങൾ വന്നിടിച്ച് കമ്പിവേലിയുടെ പല ഭാഗങ്ങളും ഇപ്പോൾ വളഞ്ഞു തുടങ്ങിയിട്ടുണ്ട്. ദേശീയപാതയിലെ യാത്ര ദുർഘടമായതിനാൽ മിക്കവാഹനങ്ങളും കോൺവെന്റ് വളവ് വഴി കണിച്ചിറ പാലം വഴിയാണ് കടന്നു പോകുന്നത്.