കണ്ണൂർ: ചക്കരക്കൽ ബിൽഡിംഗ് മെറ്റീരിയൽ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പ് കേസിൽ സെക്രട്ടറിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ഇരിവേരി കളപ്പുരയിൽ ഹൗസിൽ ഇ.കെ.ഷാജി (50) യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസാണെന്നും കൂടുതൽ പേർ പരാതിയുമായി എത്തുന്നതിനിടെ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

കെ.പി.സി.സി അംഗം കെ.സി.മുഹമ്മദ് ഫൈസൽ പ്രസിഡന്റായ സംഘത്തിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്.

കേസിലെ ഒന്നാംപ്രതിയായ ഇ.കെ. ഷാജിയെ എറണാകുളത്തു വച്ച് ജൂലായ് 16നാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യക്തികളുടെ പേരിലുള്ള 45 പാസ്ബുക്കും 38.33 ലക്ഷം രൂപയുടെ 56 സ്ഥിര നിക്ഷേപ രശീതുകളും കണ്ടെടുത്തിരുന്നു. തിരിമറി നടത്തിയ തുകയിൽ 60 ലക്ഷം രൂപ മൈ ക്ലബ് ട്രേഡിംഗ് ഷെയർ മാർക്കറ്റിലും 25 ലക്ഷം രൂപ ഫോറെക്സ‌് ട്രേഡിംഗ് ഓൺലൈൻ ബിസിനസിലുമാണ് നിക്ഷേപിച്ചതെന്നും കണ്ടെത്തി.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലായി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും സ്വത്ത് വാങ്ങുകയും ചെയ്തു. ഒന്നും രണ്ടും പ്രതികളായ ഷാജിയും അറ്റൻഡർ പടുവിലായിയിലെ കെ.കെ.ശൈലജയും നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് 2023-24ലെ ഓഡറ്റിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നിക്ഷേപകർ കോൺഗ്രസ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.