കണ്ണൂർ: തെരുവുനായ്ക്കളെ പിടികൂടി മാറ്റുന്നതിനെ എതിർത്തുള്ള രാഹുൽഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രസ്താവനകളെ വിമർശിച്ച് മന്ത്രി എം.ബി.രാജേഷ്. കാറിൽ സുരക്ഷയോടെ സഞ്ചരിക്കുന്നവർക്ക് തെരുവുനായ പ്രശ്നമായിരിക്കില്ലെന്നും രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും തെരുവുനായകളുടെ പക്ഷം പിടിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സാധാരണക്കാർക്ക് ഇത് വലിയ പ്രശ്നമാണ്. കണ്ണൂരിൽ മാത്രമല്ല രാജ്യത്തുടനീളം തെരുവുനായ പ്രശ്നമുണ്ട്. രാജ്യ തലസ്ഥാനത്ത് തെരുവുനായ ശല്യത്താൽ പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ടാണല്ലോ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കേരളം പോലൊരു സംസ്ഥാനത്ത് ലക്ഷക്കണക്കിന് തെരുവുനായകൾക്ക് ഷെൽട്ടർ ഒരുക്കുന്നത് പ്രായോഗികമല്ല. കേന്ദ്ര സർക്കാരാണ് അടിയന്തര നടപടിയെടുക്കേണ്ടത്.