ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ മനുഷ്യജീവൻ അപഹരിക്കും വിധത്തിൽ അടിക്കടി അപകടം നടക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടി എടുക്കാൻ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ട്രാഫിക് മാനേജ്‌മന്റ് യോഗത്തിൽ തീരുമാനമായി.
നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറക്കുന്നതിനും പുതിയ നിർദ്ദേശങ്ങളുമുണ്ടായി. ടൗണിലെ ട്രാഫിക് നിയമ ലംഘനങ്ങൾ കർശനമായി തടയാനും അനധികൃത പാർക്കിംഗുകൾ നിയന്ത്രിക്കാനും ബസുകൾ ബസ് സ്റ്റാൻഡിൽ കയറുന്നതും ഇറക്കുന്നതുമായ റൂട്ടുകൾ പരിഷ്കരിക്കാനും തീരുമാനിച്ചു.
പാർക്കിംഗ് നിയന്ത്രിക്കുന്നതിന്റെ പേരിൽ കച്ചവട സ്ഥാപനങ്ങളിൽ സാധനം വാങ്ങിക്കാൻ വരുന്നവരുടെ വാഹനങ്ങൾക്ക് പിഴയിടരുതെന്നും ഗതാഗത കുരുക്ക് ഒഴിവാക്കാൻ പഴയ ഹൈവെയിൽ ഞാണങ്കൈ ഭാഗത്ത് കൂടി പുതിയ ഹൈവേയിലേക്കുള്ള ബൈപാസ് റോഡ് ഉടൻ തുറക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ നിർദ്ദേശിച്ചു. തലങ്ങും വിലങ്ങും വാഹനങ്ങളും ബസുകളും കയറിയിറങ്ങുകയും പാർക്ക് ചെയ്യുന്നതും കാരണം ബസ് സ്റ്റാൻഡിൽ കയറുന്നത് പേടിയോടെ ആണെന്നും ബസുകൾ നിർത്തിയിടുന്നതിന് 15 മിനുട്ട് അനുവദിക്കണമെന്നും ബസുടമകൾ വ്യക്തമാക്കി. കടകളിൽ ലോഡ് ഇറക്കുന്നതിന് സമയ പരിധിയൊന്നും നിശ്ചയിക്കാൻ കഴിയില്ലെന്നും സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും ബസ് സ്റ്റാൻഡിന് സമീപത്തെ അനധികൃത പാർക്കിംഗ് തടയണമെന്നും ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പ്രസ് ഫോറത്തിന്റെയും ഭാരവാഹികളും സംബന്ധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അദ്ധ്യക്ഷത വഹിച്ചു.
ട്രാഫിക് മാനേജ്മെന്റ് യോഗത്തിലെ തീരുമാനങ്ങൾ
നീലേശ്വരം ഭാഗത്ത് നിന്നുവരുന്ന ബസുകൾ കിഴക്ക് ഭാഗത്ത് പാക്കനാർ ടാക്കീസിന് സമീപത്തെ വഴിയിലൂടെ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
ബസുകൾ ഇറങ്ങുന്നത് മുഴുവൻ പടിഞ്ഞാറു ഭാഗത്തുകൂടി മാത്രം, മറ്റു വാഹനങ്ങൾ സ്റ്റാൻഡിൽ കയറരുത്.
പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകും.
ബസ് സ്റ്റാൻഡിന്റെ മുൻഭാഗത്ത് ഹമ്പ് പുനർനിർമിക്കാൻ പി.ഡബ്ള്യു.ഡി യുമായി ബന്ധപ്പെടും.
റോഡ് കൈയേറ്റവും റോഡരികിലെ കച്ചവടവും അനധികൃത പാർക്കിംഗും തടയാൻ കർശന നടപടി
നഗരത്തിൽ പൊലീസ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും
ട്രാഫിക് നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തും
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 'ശുഭയാത്ര' 9747001099 നമ്പറിൽ പൊതുജനങ്ങൾക്ക് വാഹന ഫോട്ടോ അയയ്ക്കാം
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്ന ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത് സംസാരിക്കുന്നു