കണ്ണൂർ: ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ ഹോട്ടലുകളിലും തണുത്ത പാനീയങ്ങൾ വിൽക്കുന്ന കടകളിലും ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കുമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ.പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് താലൂക്കിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി.സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക പരിശോധന നടത്തും. പ്രദേശത്തെ ഭക്ഷണം, കുടിവെള്ളം എന്നിവയുടെ പരിശോധന ഊർജിതമാക്കും. കടക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നും കാർഡ് ഇല്ലാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം. വ്യാജ കുടിവെള്ള പരിശോധന റിപ്പോർട്ട് ഹാജരാക്കിയാൽ കർശന നടപടി സ്വീകരിക്കും. അത്തരം കേസുകളിൽ ആരോഗ്യ വകുപ്പ് കുടിവെള്ള സാമ്പിൾ നേരിട്ട് ശേഖരിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കും. ഭക്ഷണ വിതരണശാലകളിൽ പൊതുജനങ്ങൾക്ക് കുടിക്കാൻ നൽകുന്ന വെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം നൽകുക. വെള്ളം തണുപ്പിക്കാൻ പച്ചവെള്ളം ഉപയോഗിക്കാൻ പാടില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ നിർബന്ധമായും കൈയുറ ധരിക്കണം.

തണുത്ത പാനീയങ്ങൾ തയ്യാറാക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളമോ യു വി ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കണമെന്ന് തണുത്ത പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ടെക്സ്റ്റൈൽ /ജുവലറികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന തണുത്ത പാനീയങ്ങളുടെ ശുദ്ധിയും പാനീയം തയായാറാക്കുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡും കട ഉടമകൾ ഉറപ്പുവരുത്തണം.

ഭക്ഷണ വിതരണത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് നമ്പറിൽ പരാതി നൽകാം. പരാതികൾ ഫോട്ടോ, വീഡിയോ, മറ്റ് വിവരങ്ങൾ എന്ന ഫോർമാറ്റിലും അയക്കാം. അയക്കുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

9846056161

ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തുന്ന ഭക്ഷണ, പാനീയ വിതരണ സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശനമായ നടപടി സ്വീകരിക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ ഭക്ഷണത്തിന്റെ വൃത്തി ഉറപ്പുവരുത്തണം
2. തൊഴിലാളികൾ കൈയുറ ധരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം
3. കുടിക്കാൻ നൽകുന്ന വെള്ളത്തിൽ പച്ചവെള്ളം കലർത്തിയിട്ടില്ലെന്ന് ഉറപ്പാക്കണം
4. ഹോട്ടലുകളിലെ ടോയ്ലറ്റ് ഉപയോഗിക്കുന്നവർ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം
5. മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളവർ ഉടനടി ശരിയായ ചികിത്സ തേടണം
6. വീടുകളിൽ മഞ്ഞപ്പിത്ത രോഗബാധയുള്ളവർ ഉപയോഗിക്കുന്ന ടോയ് ലറ്റുകൾ മറ്റുള്ളവരെ ഉപയോഗിക്കാൻ അനുവദിക്കരുത്