thomas-aisac
നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സംഘടിപ്പിച്ച നൈപുണ്യ വികസനപരിശീലന പരിപാടി ജില്ലാതല ഉദ്ഘാടനം മുന്‍ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി.എം.തോമസ് ഐസക് നിർവ്വഹിക്കുന്നു

കാഞ്ഞങ്ങാട്: വിജ്ഞാന കേരളം പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് തൊഴിൽ സാദ്ധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുൻ ധനകാര്യമന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സംഘടിപ്പിച്ച നൈപുണ്യ വികസനപരിശീലന പരിപാടി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ മേഖലയിലെ മാറ്റങ്ങൾ മനസ്സിലാക്കി, അതനുസരിച്ചുള്ള പരിശീലനം നൽകുന്നതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനായി പൂർവ്വ വിദ്യാർത്ഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും പൂർവ്വ വിദ്യാർത്ഥി യോഗങ്ങൾ സംഘടിപ്പിക്കണം. നൈപുണ്യ വികസന സെല്ലുകളും സ്ഥാപിക്കണം, ഈ സെല്ലുകൾ വഴി പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം പരിശീലനം എന്നിവ നൽകാനും തൊഴിൽ സാദ്ധ്യതകൾ കണ്ടെത്താനും കഴിയും. സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക ജോബ് ഡ്രൈവ് സംഘടിപ്പിക്കും. കൂടാതെ തൊഴിൽ അന്വേഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ എൻ.എസ്.എസ് വളണ്ടിയർമാരെയും പഞ്ചായത്തംഗങ്ങളെയും കേന്ദ്രീകരിച്ച് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകൻ, പി. സജിത്ത് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. രതീഷ് കുമാർ, കില ഫെസിലിറ്റേറ്റർ കെ. അജയകുമാർ എന്നിവർ സംസാരിച്ചു. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.വി റീജ സ്വാഗതവും വിജ്ഞാനകേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.