മാഹി: കൊടിയ ദാരിദ്ര്യത്തിൽ, ജീവിതം മുന്നോട്ട് പോകാതെ വന്നപ്പോൾ, ബാലനായിരിക്കെ, ബീഡി തെറുപ്പുകാരനാകേണ്ടി വന്നെങ്കിലും, തന്റെ മനസ്സിൽ അണയാതെ പുകഞ്ഞ അക്ഷരാഗ്നിയെ , ആർജ്ജിതമായ ജ്ഞാനത്തിലൂടെ ഉലയിൽ വെച്ച ലോഹം കണക്കെ തിളക്കവും മാറ്റും കൂട്ടി അക്ഷരങ്ങളുടെ അമരത്തെത്തിയ ഭാഷാ വിസ്മയം കോടിയേരിയിലെ ഞാറ്റ്യേല ശ്രീധരൻ അക്ഷരലോകത്തോട് വിട പറഞ്ഞു. നാലാം തരത്തിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും കഠിനമായ തപസ്യയിലൂടെ തെന്നിന്ത്യൻ ഭാഷകളുടെ നിഘണ്ടു പ്രസിദ്ധീകരിച്ച 87 കാരനായ ഞാറ്റ്യേല ശ്രീധരൻ ഇനി സാഹിത്യ വേദികളിൽ, ഭാഷാപഠനശാലകളിൽ, അറിവിന്റെ പുതുലോകത്തിലേക്ക് നയിക്കാൻ നമുക്കൊപ്പമുണ്ടാകില്ല. കാൽ നൂറ്റാണ്ടിന്റെ പഠന ഗവേഷണങ്ങളും തെന്നിന്ത്യയിലാകമാനം ഒരവധൂതനെ പോലെ അലഞ്ഞു നടന്നാണ് തന്റെ ജീവിത ദൗത്യമായ ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയത്. പ്രസിദ്ധീകരിക്കാനാവട്ടെ, വർഷങ്ങളുടെ ത്യാഗവും കാത്തിരിപ്പും വേണ്ടി വന്നു. ഓർമ്മകളുടെ തിറയാട്ടം എന്ന ആത്മകഥാംശമുള്ള കൃതി ശ്രീധരൻ എന്ന നിഷ്‌ക്കളങ്കനായ മനുഷ്യ സ്‌നേഹിയുടെ തീഷ്ണമായ ജീവിതാനുഭവങ്ങളുടെ പച്ചയായ അവതരണമാണ്.
വായനശാലകളത്രയും കയറിയിറങ്ങി സ്വയം പഠിച്ച് സർക്കാർ ഉദ്യോഗസ്ഥനായി. സാക്ഷരതായജ്ഞം സർക്കാർ തുടങ്ങുന്നതിനും ദശകങ്ങൾക്ക് മുമ്പു തന്നെ ആദ്യത്തെ സാക്ഷരതാ പ്രവർത്തകനായി. കേരളത്തിലുടനീളം കോളനികളിലും, ആദിവാസി മേഖലകളിലും അക്ഷര മധുരം പകരാൻ ശ്രീധരൻ രാപകലുകൾ വിശ്രമരഹിതമായി പ്രവർത്തിച്ചു. അക്ഷരങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരനായി മാറിയ ശ്രീധരൻ പിന്നീട് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനായി. കഥയും കവിതയും ചരിത്രരും നിരൂപണങ്ങളും യാത്രാക്കുറിപ്പുകളുമെല്ലാം വായനക്കാരെ തേടിയെത്തി. മലയാള ഭാഷാലിപിപരിഷ്‌ക്കരണ വേളയിൽ ശ്രീധരൻ നൽകിയ സംഭാവന വളരെ വലുതായിരുന്നു. മാഹി മലയാള കലാഗ്രാമത്തിൽ ദിവസങ്ങൾ നീണ്ട അദ്ദേഹത്തിന്റെ ലിപി പരിഷ്‌ക്കരണ സോദാഹരണ ക്ലാസ്സ് ശ്രദ്ധേയമായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ബീഡി തൊഴിലാളി തെന്നിന്ത്യൻ ഭാഷകളുടെ ആധികാരികനിഘണ്ടു പ്രസിദ്ധീകരിക്കുക ആർക്കും വിശ്വസിക്കാനായില്ല. ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് തന്നെ പ്രസാധകരായെത്തി. അതിന് മുമ്പ് അദ്ദേഹത്തിന്റെ തമിഴ് -മലയാളം നിഘണ്ടു പ്രസിദ്ധീകൃതമായിരുന്നു. നിരവധിയായ ചെറുകഥകൾ, ലേഖനങ്ങൾ, ഗവേഷണാത്മക പ്രബന്ധങ്ങൾ എന്നിവ ശ്രീധരേട്ടന്റേതായിട്ടുണ്ട്.