കണ്ണൂർ: ജനാധിപത്യം പരിപാലിക്കപ്പെടണമെന്നും അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കിൽ പോലും നാമെല്ലാവരും അണിനിരക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമാധാനത്തിന്റെ മാർഗത്തിൽ ഭരണഘടന മൂല്യങ്ങളും ആ മൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും വിശ്വാസികൾക്ക്, മത വിഭാഗത്തിൽപ്പെട്ടവർക്ക്, ഒരു ജാതിയിൽപ്പെട്ടവർക്ക് കണ്ണുനീർ ഒഴുക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ കഴിയണം. മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാ ധീര ദേശാഭിമാനികൾ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്തിയെ പറ്റൂവെന്നും മന്ത്രി പറഞ്ഞു.