കാസർകോട്: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കൈത്താങ്ങ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്. പണിക്കർ പദ്ധതി വിദ്യാനഗറിൽ ഡി.എൽ.എസ്.എ ഹാളിൽ ഉദ്ഘാടനം ചെയ്തു.
നഗരങ്ങളിൽ പുരോഗമനം വന്നതുകൊണ്ട് രാഷ്ട്ര പുരോഗമനം എന്ന് പറയാൻ സാധിക്കില്ലെന്നും രാഷ്ട്രത്തിന്റെ പുരോഗതി ഗ്രാമീണരിൽ നിന്നു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കുവാൻ താമസം ഉണ്ടാകുന്നുവെന്ന് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇതുവരെയുളള പ്രവർത്തനംകൊണ്ട് മനസിലാക്കിയെന്നും അങ്ങനെയാണ് ഈ സങ്കല്പത്തിലേക്ക് എത്തിയതെന്നും ജില്ല ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ സനു എസ്. പണിക്കർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ കാസർകോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് ക്ലാസ് അഡീഷണൽ ജില്ലാ ജഡ്ജുമായ ടി.എച്ച് രജിത അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഓഫീസർ എ.പി കേശവൻ സ്വാഗതവും കാസർകോട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറിയമായ കെ. സുകേഷ് നന്ദിയും പറഞ്ഞു. ജുഡീഷ്യൽ ഓഫീസേഴ്സ്, അഡ്വക്കേറ്റ്സ്, ഡി.എൽ.എസ്.എ സ്റ്റാഫ്സ്, പാരാലീഗൽ വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.
9400025489
ഏതുപരാതിയുണ്ടെങ്കിലും 9400025489 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കുകയാണെങ്കിൽ ജില്ല ലീഗൽ സർവീസസ് അതോറിറ്റി അതിൽ ഇടപെട്ട് എത്രയും പെട്ടെന്ന് നിയമപരമായുളള പരിഹാരം കാണും.
കൈത്താങ്ങ്
ജില്ലയിലെ സാധാരണക്കാർക്ക് ഏറ്റവും എളുപ്പത്തിലും വേഗതയിലും നീതി ലഭ്യമാക്കാൻ ജില്ലാ സെഷൻസ് ജഡ്ജ് ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കൈത്താങ്ങ്. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ഡി.എൽ.എസ്.എ സെക്രട്ടറിയുമായ രുഗ്മ എസ്. രാജാണ് ചീഫ് കോർഡിനേറ്റർ
കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കൈത്താങ്ങ് പദ്ധതി പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്. പണിക്കർ ഉദ്ഘാടനം ചെയ്യുന്നു