krishnagadha

കണ്ണൂർ: മലയാളക്കലണ്ടറിലെ പുതുവർഷമായ ചിങ്ങം പിറന്നതോടെ ഉത്തരകേരളത്തിന്റെ സ്വന്തം ചിങ്ങപ്പാട്ടായ 'കൃഷ്ണഗാഥ'യുടെ പാരായണം വീണ്ടും ശക്തിപ്പെടുത്താൻ സംഘവഴക്ക ഗവേഷണപീഠം സജീവ പ്രചാരണവുമായി രംഗത്ത്.മുൻകാലങ്ങളിൽ ഉത്തരമലബാറിലെ തറവാടുകളിലും വീടുകളിലും ചിങ്ങപ്പിറവിയോടെ കൃഷ്ണപ്പാട്ട് പാരായണം പതിവായിരുന്നു.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചമലയാള മഹാകാവ്യമായ കൃഷ്ണഗാഥ പതിനഞ്ചാം നൂറ്റാണ്ടിൽ ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ്. ഉദയവർമ്മൻ കോലത്തിരി മഹാരാജാവിന്റെ ആജ്ഞാനുസരണം രചിച്ച ഈ കാവ്യം പാരായണം ചെയ്യണമെന്ന് അക്കാലത്ത് രാജകീയ കൽപ്പന ഉണ്ടായിരുന്നുവത്രെ.മലയാളത്തിലെ ആദ്യകാല ക്ലാസിക്കൽ കാവ്യമായ കൃഷ്ണഗാഥ തമിഴിലേക്ക് മൊഴിമാറ്റം നടത്തണമെന്ന് സംഘവഴക്ക ഗവേഷണ പീഠം ചെന്നൈ ക്ലാസിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് തമിഴിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചെന്നൈ ചെമ്മൊഴി ശാലയിൽ നടന്ന വിവർത്തന ശിൽപ്പശാലയിൽ പങ്കെടുത്ത സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ.സഞ്ജീവൻ അഴീക്കോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചിറക്കലിൽ സംഗീതജ്ഞ ഡോ.സുമ സുരേഷ് വർമ്മ വർഷങ്ങൾക്കു മുമ്പ് കൃഷ്ണപ്പാട്ട് പാടി റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ രംഗത്തുവന്നിരുന്നു

ലക്ഷ്യം കൃഷ്ണഗാഥാ പ്രചാരണവും
കൃഷ്ണഗാഥാ പാരായണത്തിന്റെ പാരമ്പര്യം പുതിയ തലമുറക്ക് കൈമാറുന്നതിന് സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം വിവിധ പരിപാടികൾ ഒരുക്കുന്നുണ്ട്. പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാറിന്റെ പിന്തുണയോടെയാണ് ഈ പ്രചാരണദൗത്യം.
'കൃഷ്ണപ്പാട്ടു വഴക്കം' വാട്‌സ് കൂട്ടായ്മ രൂപീകരിച്ച് സോഷ്യൽ മീഡിയ വഴിയും പാരായണം നടത്തിവരുന്നു. ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം, പള്ളിക്കുന്ന് പൊക്യാരത്ത് തറവാട്, അഴീക്കോട് മൊളോളം ക്ഷേത്രം, കീഴല്ലൂർ മഹാദേവ ക്ഷേത്രം, ചിറക്കല്‍ ശ്രീമംഗലം വയോജന സദനം എന്നിവിടങ്ങളിൽ നിത്യേന കൃഷ്ണപ്പാട്ട് പാരായണം നടത്തുന്നു.