കാസർകോട്: തെരുവ് നായ ആക്രമണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുതൽക്കൂട്ടാവാൻ മുളിയാറിൽ ആരംഭിച്ച എ.ബി.സി സെന്റർ ഉടൻ പ്രവർത്തന സജ്ജമാക്കും. പ്രവർത്തിക്കാൻ ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ദേശീയ മൃഗക്ഷേമ ബോർഡിന്റെ പ്രത്യേക പരിശോധനയ്ക്കായി കേന്ദ്ര സംഘം ഇന്ന് എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചേരും. പ്രത്യേക സംഘം നേരിട്ട് സ്ഥലപരിശോധന നടത്തി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി അനുമതി നൽകിയാൽ മാത്രമേ നിയമ പ്രകാരം വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുകയുള്ളൂ.
മൃഗക്ഷേമ ബോർഡിന്റെ പരിശോധനയും സർട്ടിഫിക്കറ്റും വൈകുന്നത് മൂലമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും മുളിയാർ എ.ബി.സി കേന്ദ്രം പ്രവർത്തനത്തിനു കാലതാമസം എടുക്കുന്നതെന്ന് ജില്ലയുടെ ചാർജുള്ള മൃഗസംരക്ഷണ ഓഫീസർ പി.കെ മനോജു കുമാർ അറിയിച്ചിരുന്നു. പരിശോധന പൂർത്തീകരിച്ച് ബോർഡിന്റെ അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ആരംഭിക്കുമെന്നും പി.കെ മനോജ് കുമാർ പറഞ്ഞു.
മുന്നൊരുക്കം എന്ന നിലയിൽ രണ്ട് ഡോക്ടർമാരെയും, ഒരു അനസ്‌തെറ്റിക് അസിസ്റ്റന്റ്, നാല് കെയർ ടെക്കർമാരെയും ഒരു ശുചീകരണ തൊഴിലാളിയെയും ആവശ്യനുസരണം പട്ടി പിടുത്തക്കാരെയും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുളിയാർ എ.ബി.സി സെന്റർ മേയ് 19നാണു സംസ്ഥാന മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി നാടിനു സമർപ്പിച്ചത്.