bus
സ്വകാര്യ ബസുകൾ

കാസർകോട്: പുതിയ പെർമിറ്റുകൾക്ക് പുതിയ ബസ് തന്നെ വേണമെന്ന തീരുമാനത്തിൽ ഉറച്ച് മോട്ടോർ വാഹന വകുപ്പ്. നിലവിൽ ഓടുന്ന പെർമിറ്റിൽ 20 വർഷം വരെ പഴയ ബസിന് ഓടാം. ഓരോ അഞ്ച് വർഷം കഴിയുന്തോറും പെർമിറ്റ് പുതുക്കി നൽകും. ബസ് വിറ്റാൽ അതേ പെർമിറ്റിൽ അൽപം പുതിയത് പകരമിട്ടാൽ മതി. എന്നാൽ പുതിയ റൂട്ടിൽ പെർമിറ്റ് തുടങ്ങാൻ 45 ലക്ഷം വരെ മുടക്കി ബോഡി കോഡ് അനുസരിച്ചുള്ള പുതിയ ബസ് ഇറക്കണമെന്നാണ് നിബന്ധന.

ഗ്രാമ പ്രദേശങ്ങളിലേക്ക് ഒട്ടേറെ പുതിയ റോഡുകളും പാലങ്ങളും വന്നെങ്കിലും, പൊതുഗതാഗത സൗകര്യം ഒരുക്കാത്തത് സ്വകാര്യ വാഹനം ഉള്ളവനു മാത്രം സൗകര്യം പ്രയോജനപ്പെടുന്ന അവസ്ഥയാണ്.

മിക്ക റൂട്ടിലും പുതിയ പെർമിറ്റ് കിട്ടിയാൽ ഒരു വർഷമെങ്കിലും ഓടിയാലേ ഡീസൽ ചെലവും വേതനവും കഴിച്ച് ബാക്കി തുക മിച്ചം പിടിക്കാനാകൂ. പഴയ ബസുകൾ 5 -10 ലക്ഷത്തിന് വാങ്ങിയാൽ പിടിച്ചുനിൽക്കാം. പുതിയ ബസ് ആദ്യമേ ഇറക്കിയാൽ മാസം 70,000 രൂപ വരെ ലോൺ അടവും കാണേണ്ടി വരും. അപേക്ഷകൻ കടം കയറി കുത്തുപാളയെടുത്താൽ മറ്റാരും തങ്ങളുടെ മേഖലയിലേക്ക് കടന്നു വരില്ലെന്ന ആലോചനയാണ് ഈ നീക്കത്തിന് പിന്നിൽ.

വർഷങ്ങൾക്ക് മുൻപ് പുതിയ പെർമിറ്റുകൾക്ക് 7 മുതൽ 8 വർഷം പഴക്കമെന്ന വ്യവസ്ഥ നടപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

നാലിലൊന്നായി കുറഞ്ഞ്

സ്വകാര്യ ബസുകൾ

പെർമിറ്റുകൾ വിൽക്കുന്നതിന് നിയമസാധുതയില്ലെങ്കിലും 14,000 വരെ പ്രതിദിന കലക്ഷനുള്ള ബസിന്റെ പെർമിറ്റ് മാത്രം 20 ലക്ഷം രൂപ മതിപ്പ് കണക്കാക്കിയാണ് കൈമാറ്റം ചെയ്യുന്നത്. ഇതിന്റെ മിച്ചം ശരാശരി 4000 രൂപയുണ്ടാകും. കൂടുതൽ ബസ് സർവീസുകൾ വന്നാൽ പഴയ പെർമിറ്റുകൾ പൊന്നുംവിലയ്ക്ക് വാങ്ങാൻ ആളുണ്ടാകില്ല. 6000 രൂപ ഫീസും കൈമടക്ക് അടക്കം 10,000 രൂപയ്ക്ക് സാങ്കേതിക കാര്യങ്ങൾ നടക്കും. നടത്തിപ്പ് മാത്രമേ വെല്ലുവിളിയാകൂ. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 30,000 ത്തിൽ നിന്ന് 7000 ആയി കുത്തനെ കുറഞ്ഞതിനു സർക്കാരിനെ പഴിക്കുമ്പോഴാണ്, മറുഭാഗത്ത് പുതിയ സംരംഭകരെ അകറ്റാനുള്ള ശ്രമം.

ആർ.ടി.എ യോഗം എപ്പോഴെങ്കിലും

ബസ് വാങ്ങി പെർമിറ്റിന് അപേക്ഷിച്ചാൽ ആർ.ടി.എ യോഗം നടക്കുന്നത് തന്നെ ആറു മാസം വരെ വൈകിയാണ്. പെർമിറ്റ് പാസായാലും ഓടാനുള്ള സമയം നിശ്ചയിച്ച് കൊടുക്കാനും മാസങ്ങൾ വൈകിപ്പിക്കും. പഴയ ഓപ്പറേറ്റർമാരുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പുതിയയാൾക്ക് സമയക്രമം അനുവദിക്കൂ. ലാഭകരമാകാത്ത സമയം അനുവദിപ്പിക്കാനാകും നിലവിലുള്ളവരുടെ ശ്രമം. സംഘടിതമായി ടൈമിംഗ് കോൺഫറൻസുകളിൽ ബഹളമുണ്ടാക്കും.

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പദ്ധതിയിൽ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പെർമിറ്റ് കാലാവധി കഴിഞ്ഞാൽ പുതിയ ബസ് തന്നെ ഇറക്കണമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ നിലപാട് ബസ് വ്യവസായത്തെ കുത്തുപാളയെടുപ്പിക്കും.

-സത്യൻ പൂച്ചക്കാട് (ബസുടമസ്ഥ സംഘം സ്റ്റേറ്റ് കൗൺസിൽ മെമ്പർ)