പഴയങ്ങാടി: പഴയങ്ങാടിയിലെ ഗതാഗതക്കുരുക്കിന്ന് പരിഹാരമായി പഴയങ്ങാടി റെയിൽവേ അണ്ടർ പാസേജ് നിർമിക്കുന്നതിന് 7 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് തീരുമാനമായി. റെയിൽവേ ആയിരിക്കും പ്രവൃത്തിയുടെ നിർമാണ മേൽനോട്ടം വഹിക്കുക. 5.58 കോടി രൂപയാണ് അടിപ്പാത നിർമാണത്തിന് റെയിൽവേ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ളതിനു സമാന്തരമായി റെയിൽവേയുടെ ഭൂമിയിൽ പുതിയ അടിപ്പാത നിർമിക്കാനാണ് പദ്ധതി.
മഴക്കാലത്ത് വലിയതോതിൽ വെള്ളം കെട്ടിനിൽക്കുന്നതും തിരക്കുള്ള സമയത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതും നിലവിലെ അടിപ്പാത വഴിയുള്ള യാത്ര ബുദ്ധിമുട്ടുള്ളതാക്കുന്നുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ ഓടകൾ നിർമ്മിച്ച് ഡ്രൈനേജ് സംവിധാനത്തോട് ബന്ധിപ്പിച്ചും വൈദ്യുത പോസ്റ്റുകളും പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിച്ചുമായിരിക്കും അടിപ്പാത നിർമിക്കുക. ഇതോടൊപ്പം ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുകയും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഏഴുകോടി രൂപയ്ക്ക് ഭരണാനുമതി നൽകിയത്.
മിക്സ് സീൽ സർഫസ് രീതിയിൽ അപ്രോച്ച് റോഡും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഇനത്തിലും റെയിൽവേ, റവന്യു, വൈദ്യുത, ജലവിഭവ വകുപ്പുകൾ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് തുക കൈമാറുമെന്നും അടിപ്പാത നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.