പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം - തെരു ഇട റോഡിൽ ഗ്യാസ് ഏജൻസിയിൽ അടക്കാനുള്ള പണവുമായി സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ തടഞ്ഞു നിർത്തി 2,05,400 രൂപ കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 99,000 രൂപ കൂടി അന്വേഷണസംഘം കണ്ടെടുത്തു. സംഘത്തിലുൾപ്പെട്ട തളിപ്പറമ്പ് പട്ടുവം സ്വദേശിയായ മുഹമ്മദ് അജ്‌മൽ (23), മന്നയിലെ മുഹമ്മദ് റുഫൈൽ (21), മുണ്ടേരി മുയ്യം സ്വദേശി മുഹമ്മദ് റിസ് വാൻ (18) എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റുചെയ്തത്. സംഘത്തിലെ നാലാമനു വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കൂട്ടത്തിൽ ഒരു പ്രതിയുടെ മാതാവാണ് വീട്ടിൽ പണം സൂക്ഷിച്ച വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് വീട്ടിലെത്തി പണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടുമ്പോൾ പ്രതികളുടെ കൈയ്യിൽ 31000 രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി പണത്തിന്റെ കാര്യത്തിൽ വ്യക്തത ലഭിക്കാതിരിക്കെയാണ് പ്രതികളിലൊരാളുടെ വീട്ടിൽനിന്നും ഇത്രയും തുക കണ്ടെത്തിയത്. കഴിഞ്ഞ 16 ന് രാത്രി ഏഴരയോടെയാണ് പാചക വാതക ഏജൻസി ജീവനക്കാരൻ മഹാദേവഗ്രാമത്തിലെ സി.കെ.രാമകൃഷ്ണനെ സ്‌കൂട്ടർ തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിച്ച് പണം കവർന്നത്. പാചക വാതക ഏജൻസിയിലടക്കേണ്ട പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചെടുത്ത ശേഷം രാമകൃഷ്‌ണനെ തള്ളി താഴെയിട്ടാണ് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞത്. വീഴ്‌ചയിൽ കല്ലിലിടിച്ചുവീണതിനെതുടർന്ന് പരിക്കേറ്റ രാമകൃഷ്ണൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഡിവൈ.എസ്.പി, കെ.വിനോദ് കുമാറിന്റെ കീഴിൽ എസ്.ഐ പി.യദുകൃഷ്‌ണൻ, എസ്.ഐ എൻ.കെ.ഗിരീശൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ.വി.മനോജൻ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മോഷണത്തിന് ശേഷം ആഘോഷം
കവർച്ചക്ക് ശേഷം മൂവരും പയ്യന്നൂരിൽ കാത്തുനിന്നിരുന്ന നാലാമനുമൊത്തായിരുന്നു സ്ഥലംവിട്ടത്. കണ്ണൂരിലെത്തിയ പ്രതികൾ ലോഡ്‌ജിൽ മുറിയെടുത്ത് മദ്യപിച്ചു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടത്തിയ വാർത്ത മാദ്ധ്യമങ്ങളിൽ കണ്ടത്. നിരീക്ഷണക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെന്ന വാർത്ത കണ്ടതോടെ സ്ഥലംവിടാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂരെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലാവുന്നത്.
പ്രതികളിലെത്തിയത് 24 മണിക്കൂറിനുള്ളിൽ
വിവരമറിഞ്ഞെത്തിയ പൊലീസ് സമീപ വീടുകളിലെയും കവർച്ചക്കാർ പോയതായി സംശയിക്കുന്ന സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളിലേക്കെത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈയാളെ കൂടി അറസ്റ്റ് ചെയ്താലുടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവം നടന്ന സ്ഥലത്തുൾപ്പെടെയെത്തി തെളിവെടുക്കും.