പിലിക്കോട്: "നിങ്ങളെല്ലെ എന്നെ പോറ്റുന്നത്, അതിന് ഞാൻ തരുന്ന സമ്മാനമാണ് രോഗങ്ങൾ" ആൾക്കൂട്ടത്തിനിടയിൽ കൊതുക് ഉറക്കെ വിളിച്ചു പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട് കുടുംബരോഗ്യ കേന്ദ്രവും നടത്തിയ കൊതുകു ദിനാചരണ പരിപാടിയാണ് വ്യത്യസ്തമായ ബോധവത്കരണ ഇടപെടലായത്.
ദിനാചരണ പരിപാടിക്കായി ഒത്തുകൂടിയ ആൾക്കൂട്ടത്തിനിടയിലേക്ക് അപ്രതീക്ഷിതമായെത്തിയ കൊതുകുവേഷധാരിയാണ് കൊതുകിന്റെ കഥയും പരത്തുന്ന രോഗങ്ങളുമെല്ലാം കൂടിനിന്നവരോട് പറഞ്ഞത്. കൊതുകു വളരുന്ന ഉറവിടങ്ങളെ കുറിച്ച് ഉയർന്ന സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും നൽകി. ഓലാട്ട് എഫ്.എച്ച്.സിയിലെ എം.എൽ.എസ്.പി ജീവനക്കാരി തിബാദാസ് ആണ് കൊതുകു വേഷം ധരിച്ചെത്തി ബോധവത്കരണം നടത്തിയത്.
പൊള്ളപ്പൊയിൽ കൈരളി ഓഡിറ്റോറിയത്തിൽ നടന്ന കൊതുകുദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുലോചന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത,പ്രമീള എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി മഹേഷ് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.കെ അരുൺകുമാർ നന്ദിയും പറഞ്ഞു.
പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട് കുടുംബരോഗ്യ കേന്ദ്രവും നടത്തിയ കൊതുകു ദിനാചരണ പരിപാടിയിൽ നിന്ന്