മെക്കാഡം ടാറിംഗ് തുടങ്ങിയിട്ട് 6 വർഷം
നീലേശ്വരം: നീലേശ്വരം -ഇടത്തോട് റോഡിൽ യാത്ര ചെയ്യണമെങ്കിൽ ജീവൻ പണയം വയ്ക്കണം. മെക്കാഡം ടാറിംഗിനായി 2019ൽ 29.6 കോടി രൂപ എസ്റ്റിമേറ്റിൽ ടെൻഡർ എടുത്ത കരാറുകാരൻ പാതി വഴിയിൽ ഇട്ട് പോയതാണ് പ്രശ്നം രൂക്ഷമാക്കിയത്.
ഇപ്പോൾ പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെയും, നരിമാളം വളവ് മുതൽ ചോയ്യങ്കോട് ജംഗ്ഷൻ വരെയും റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഈ ഭാഗങ്ങളിൽ 26 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി ചെയ്തെങ്കിലും എല്ലാം പൊട്ടിപൊളിഞ്ഞ് കുഴിയായിരിക്കയാണ്.
പുത്തരിയുടക്കം ബ്ലോക്ക് ഓഫീസ് പരിസരം, ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം, അരക്കളരി റോഡ്, പാലാത്തടം എന്നിവിടങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീണ് പരിക്കുപറ്റിയ സംഭവവുമുണ്ടായി. കനത്തമഴയിൽ രാത്രി കാലങ്ങളിൽ യാത്ര ചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരാണ് കുഴിയിൽ വെള്ളം നിറഞ്ഞത് കാണാതെ അപകടത്തിൽ പെടുന്നത്.
അതുപോലെ നീലേശ്വരം ഓവർബ്രിഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡും പൊട്ടിപ്പൊളിഞ്ഞിരിക്കയാണ്. കോൺവെന്റ് വളവ്, റെയിൽവെ സ്റ്റേഷൻ വളവ് എന്നിവിടങ്ങളിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. നീലേശ്വരം -ഇടത്തോട് റോഡിലെ യാത്ര ദുസ്സഹമായതിനാൽ മലയോര മേഖലയിൽ നിന്ന് വരുന്ന യാത്രക്കാർ നീലേശ്വരം വഴി ഒഴിവാക്കി ബങ്കളം - കൂലോം റോഡ് വഴി കാഞ്ഞങ്ങാട്ടേക്ക് പോകാൻ നിർബന്ധിതരായിരിക്കയാണ്.
നീലേശ്വരം ഇടത്തോട് റോഡിൽ പുത്തരിയടുക്കത്ത് റോഡ് പൊട്ടിപൊളിഞ്ഞ നിലയിൽ