പയ്യന്നൂർ: പതിനാലായിരം ലിറ്റർ ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറി കണ്ടോത്ത് കോത്തായി മുക്ക് ദേശീയ പാതയിൽ മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറിന്റെ മൂടിക്കുള്ളിൽ കൂടി ഡീസൽ പുറത്തേക്ക് ഒഴുകിയെങ്കിലും , സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോവിലേക്ക്
പോകുകയായിരുന്ന ടാങ്കർ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് മറിഞ്ഞത്.
സ്ഥലത്തെത്തിയ പയ്യന്നൂർ അഗ്നി ശമന നിലയം സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ , പുറത്തേക്ക് ഒഴികിയിരുന്ന ഡീസൽ ബക്കറ്റിൽ ശേഖരിച്ച് റോഡിൽ വീഴുന്നത് ഒഴിവാക്കുകയും റോഡ് വെള്ളം പമ്പ് ചെയ്ത് ശുചീകരിക്കുകയും ചെയ്തു. വിളിച്ച് വരുത്തിയ രണ്ട് ക്രെയിനുകളുപയോഗിച്ച് ടാങ്കർ നിവർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ടാങ്കർ ഡ്രൈവർ തസ്റീഫ് പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. അഗ്നി ശമന സേനാംഗങ്ങളായ പി.പി.ലിജു, അരുൺ കെ. നമ്പ്യാർ, സി.കെ. ഇർഷാദ്, അഖിൽ എ.വിശ്വൻ, കലേഷ് വിജയൻ, ഹോം ഗാർഡ് കെ. തമ്പാൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.