തലശ്ശേരി: പാറാൽ പൊതുവാച്ചേരിയിൽ ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ വാട്ടർ ടാങ്ക് 10 ദിവസത്തിനകം സുരക്ഷാ ഭിത്തി കെട്ടി സംരക്ഷിക്കുകയോ പൊളിച്ച് നീക്കുകയോ ചെയ്യണമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ ഉത്തരവ്. പ്രദേശവാസികളും സ്‌കൂൾ വികസന സമിതിയും നൽകിയ പരാതികൾ പരിഗണിച്ചാണ് കളക്ടറുടെ അടിയന്തര ഇടപെടൽ. വാട്ടർ ടാങ്കിന്റെ ഭീതി ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. അടയന്തര നടപടി സ്വീകരിക്കാൻ തലശേരി നഗരസഭാ സെക്രട്ടറിക്ക് കളക്ടർ ഉത്തരവ് കൈമാറി.
അഞ്ചുവർഷം മുമ്പാണ് 20,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കൂറ്റൻ വാട്ടർടാങ്ക് തലശ്ശേരി നഗരസഭ പാറാൽ പൊതുവാച്ചേരിയിൽ നിർമിച്ചത്. സമീപത്തെ വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു നിർമ്മാണം. കനത്തമഴയിൽ കഴിഞ്ഞ ജൂൺ ആറിന് ഇന്ദ്രാസിൽ വി.രശ്മിയുടെ വീടിന്റെ സൺഷെയ്ഡിലേക്ക് ഉൾപ്പെടെ ടാങ്ക്സ്ഥിതി ചെയ്യുന്നിടത്തെ മണ്ണിടിഞ്ഞ് വീണ് അപകടാവസ്ഥയിലായി. അന്നു മുതൽ പാനൂരിലെ കുടുംബവീട്ടിൽ മാറി താമസിക്കുകയാണ് രശ്മിയും കുടുംബവും. അപകടാവസ്ഥയിലായ വാട്ടർ ടാങ്ക് വീണാൽ അഞ്ചു വീട്ടുകാരെ സാരമായി ബാധിക്കും.
വീടുകളിൽ കിടപ്പു രോഗികളടക്കമുള്ളവർ ഉണ്ടെന്നും എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് സമീപവാസികളായ വീട്ടുകാർ. വാട്ടർ ടാങ്ക് അപകടാവസ്ഥയിലായതോടെ സമീപത്തുള്ള പൊതുവാച്ചേരി വെസ്റ്റ് എൽ.പി സ്‌കൂളും ഭീതിയിലാണ്. സ്‌കൂളിന്റെ മൂത്രപ്പുര സ്ഥിതി ചെയ്യുന്നതും വാട്ടർ ടാങ്കിന് സമീപത്തു തന്നെയാണ്. എത്രയും വേഗം ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമീപവാസി രശ്മി കളക്ടർക്കും കുട്ടികളുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ വികസന സമിതി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനുമാണ് പരാതി നൽകിയത്. ഈ പരാതികളെല്ലാം പരിഗണിച്ചാണ് ടാങ്ക് 10 ദിവസത്തിനകം സുരക്ഷാ ഭിത്തി കെട്ടി സംരക്ഷിക്കാനോ അല്ലെങ്കിൽ പൊളിച്ചു കളയാനോ കളക്ടർ ഉത്തരവിട്ടത്. അതേ സമയംവാട്ടർ ടാങ്ക് പൊളിച്ച് മാറ്റി ഭീതി പൂർണമായും അകറ്റണമെന്ന നിലാപാടിലുറച്ചാണ് വീട്ടുകാരും നാട്ടുകാരുമുള്ളത്.