arest

ബേക്കൽ: മുംബൈയിൽ 70 ലക്ഷത്തിന്റെ കവർച്ച നടത്തിയ കേസിൽ പ്രതിയായ പള്ളിക്കര സ്വദേശി അറസ്റ്റിൽ. പള്ളിക്കര ബീച്ച് റോഡിലെ നബീർ എന്ന അസീറിനെ(32)യാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര പൽഹാർ ജില്ലയിലെ കാസ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം കാസർകോട്ടെത്തി ബേക്കൽ പൊലീസിന്റെ സഹായത്തോടെ നബീറിനെ പിടികൂടുകയുമായിരുന്നു.

മുംബൈയിൽ നിന്ന് പച്ചമൽസ്യം കൊണ്ടുവരുന്ന വാഹനത്തിൽ കവർച്ചാ മുതൽ കടത്താൻ സൗകര്യം ചെയ്തു കൊടുത്തുവെന്നതിനാണ് നബീറിനെ കേസിൽ പ്രതി ചേർത്തത്. ദേശീയപാതയിൽ യാത്രക്കാരെ തടഞ്ഞ് വൻതുക കൊള്ളയടിച്ച കേസിൽ അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പള്ളിക്കര സ്വദേശിയുടെ അറസ്റ്റ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരാളെയും ഇതേ കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.