കണ്ണൂർ: യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി തീകൊളുത്തിയ യുവതി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ കുറ്റിയാട്ടൂർ സ്വദേശി പ്രവീണ (39) ആണ് മരിച്ചത്. പ്രവീണയെ ആക്രമിച്ച കുട്ടാവ് സ്വദേശി ജിജേഷ് (40) പൊള്ളലേറ്റ് ഗുരുതരനിലയിൽ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.20നായിരുന്നു സംഭവം. ഉരുവച്ചാലിലെ വാടകവീട്ടിൽ വെള്ളം ചോദിച്ചെത്തിയ ജിജേഷ് അടുക്കളഭാഗത്തുണ്ടായിരുന്ന പ്രവീണയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന ജിജേഷും സ്വയം പെട്രോളൊച്ച് തീവെച്ചു.
പ്രവീണയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും കണ്ടെത്തിയത്. പ്രവീണയ്ക്ക് പൂർണമായും ജിജേഷിനും അരയ്ക്ക് താഴേക്കും ഗുരുതരമായി പൊള്ളലേറ്റു.
പ്രവീണയുടെ ഭർത്താവ് കാരപ്രത്ത് ഹൗസിൽ അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കളും പ്രവീണയും നാലുമാസം മുമ്പാണ് ഇവിടേക്ക് താമസംമാറ്റിയത്. സംഭവസമയത്ത് അജീഷിന്റെ പിതാവും സഹോദരിയുടെ മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ജിജേഷിനെതിരെ വധശ്രമത്തിനായിരുന്നു കേസെടുത്തിരുന്നത്. പ്രവീണ മരിച്ചതോടെ ജിജേഷിനെതിരെ കൊലക്കുറ്റം ചുമത്തും. ഗുരുതരാവസ്ഥയിലുള്ള ജിജേഷിന്റെ മൊഴിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മകൾ ശിവദ.