കാസർകോട്: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഒൻപതു വർഷത്തിനുള്ളിൽ സർക്കാർ ചെലവിട്ടത് 3500 കോടി രൂപയാണെന്ന് കായികം, വഖഫ് ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. എൻമകജെ ഗ്രാമ പഞ്ചായത്തു ബജക്കുടൽ മിനി കളിക്കളം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പഞ്ചായത്തിൽ ഒരു കായിക പരിശീലകനെയെങ്കിലും നിയമിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന കായിക നയത്തിന്റെ ഭാഗമായി സ്‌പോർട്സിലേക്ക് വരുന്ന യുവാക്കളുടെ കായിക ക്ഷമത ഉറപ്പുവരുത്തുകയും വിവിധ പദ്ധതികളുടെ ഭാഗമായി സ്‌പോർട്സ് കിറ്റുകൾ നൽകുകയും ചെയ്യും.
ഡിജി കേരള പദ്ധതിയുടെ ഭാഗമായി എൻമകജെ ഗ്രാമ പഞ്ചായത്തിനെ മന്ത്രി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച പഞ്ചായത്തായി പ്രഖ്യാപിച്ചു. എ.കെ.എം അഷ്രഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌പോർട്സ് ഫൗണ്ടേഷൻ കേരള അസിസ്റ്റന്റ് എൻജിനീയർ നസിയ റിപ്പോർട്ട് അവതരിപ്പിച്ചു. എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല റഹീം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സൗദാബി ഹനീഫ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബി.എസ് ഗംഭീർ, മഹേഷ് ഭട്ട്, ശശിധര, രാമചന്ദ്ര, നരസിംഹ പൂജാരി, കുസുമാവതി, സറീന മുസ്തഫ, ഉഷാകുമാരി, തുളു അക്കാദമി ചെയർമാൻ കെ.ആർ ജയനന്ദ, സി.ഡി.എസ് ചെയർപേഴ്സൺ ജലജാക്ഷി സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര സ്വാഗതവും സെക്രട്ടറി ഇ.ഷാനവാസ് നന്ദിയും പറഞ്ഞു.