പാപ്പിനിശ്ശേരി: സംസ്ഥാനത്തെ സ്‌കൂളുകളിൽ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനായി 200 കോടി രൂപയാണ് സർക്കാർ ചെലവാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒളിമ്പിക്സ് പോലെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിവുള്ള കായിക താരങ്ങളെ സ്‌കൂളുകളിൽ നിന്ന് തന്നെ വാർത്തെടുക്കാനുള്ള പ്രവൃത്തികളാണ് സർക്കാർ നടത്തുന്നത്.
50 ഓളം സ്‌കൂളുകളിൽ കളിക്കളത്തിന്റെ നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്നവയിൽ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. കളിക്കളങ്ങളും മികച്ച ആധുനിക പരിശീലന സംവിധാനവും ഏർപ്പെടുത്തി അന്തർദേശീയ കായിക മേളകളിൽ മികച്ച നേട്ടം കൈവരിക്കാൻ കായിക താരങ്ങളെ പ്രാപ്തരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചെറുകുന്ന് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ കായിക വകുപ്പിന്റെ ഒന്നര കോടി രൂപ ചെലവിലാണ് ആധുനിക കളിക്കളം നിർമ്മിക്കുന്നത്.
എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം മുഹമ്മദ് അഷ്രഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രതി, ജില്ലാ പഞ്ചായത്ത് അംഗം പി.പി ദിവ്യ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഗണേശൻ, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ സംസാരിച്ചു.
മാടായി ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി മുഖ്യാതിഥിയായി. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യുട്ടീവ് എൻജിനീയർ എ.പി.എം.മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് പി.പി.ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, ജില്ലാപഞ്ചായത്ത് അംഗം സി.പി. ഷിജു, സംസാരിച്ചു.
തളിപ്പറമ്പിൽ ജില്ലാ സ്റ്റേഡിയം
തളിപ്പറമ്പിൽ ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. 30,000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് നിർമ്മിക്കുക. മട്ടന്നൂർ അക്വാട്ടിക് കോംപ്ലക്സിന്റെ പ്രവൃത്തി നടന്നുവരുന്നു. കൂടാതെ അന്താരാഷ്ട്ര യോഗ സെന്റർ സ്ഥാപിക്കുന്നതിനായി മട്ടന്നൂരിൽ 15 ഏക്കർ സ്ഥലം ഏറ്റെടുത്തു. കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സ്‌പോർട്സ് എക്കണോമി സർക്കാർ പ്രാവർത്തികമാക്കിയതിലൂടെ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ അയ്യായിരത്തോളം പേർക്ക് ഒരുവർഷത്തിനിടെ ജോലി കൊടുക്കാനായെന്നും മന്ത്രി പറഞ്ഞു.