കണ്ണൂർ: ശ്രീകണ്ഠാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. പുരുഷന്മാരുടെ അപേക്ഷകളുടെ എണ്ണം കൂടുകയും സ്ത്രീകളുടേത് കുറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് തീയതി നീട്ടിയത്. പുരുഷൻമാരുടെ അപേക്ഷകൾ 3000 കഴിഞ്ഞപ്പോൾ സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമാണ് നിലവിൽ ലഭിച്ചത്.

സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ വിവാഹിതരാകാൻ താൽപര്യമുള്ള സ്ത്രീകൾ കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻ.ജി.ഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന വിലാസത്തിൽ അപേക്ഷ നൽകാം.

ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപേ ആദ്യഘട്ടം വിവാഹം നടത്താനാണ് തീരുമാനം. പയ്യാവൂർ കേന്ദ്രീകരിച്ച് ആദ്യ ഘട്ടം വിവാഹം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പറഞ്ഞു. വിദേശത്തുനിന്ന് പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്. സംഘാടക സമിതിയും അസോസിയേഷൻ പ്രവർത്തകരും യോജിച്ച് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്തി അതുപ്രകാരം ബന്ധപ്പെട്ടവർക്ക് വിവരങ്ങൾ കൈമാറും. അടുത്ത മാസം വിവാഹ ആലോചനകൾ അനുയോജ്യമായ വിധത്തിൽ കണ്ടെത്തി ഒക്ടോബർ മാസത്തിൽ പയ്യാവൂരിൽ ഒരുക്കുന്ന വേദിയിൽ വച്ച് വിവാഹം ചെയ്യുവാനും വിവാഹ ഉടമ്പടിയിൽ ഒപ്പുവെക്കാനും അവസരം ഒരുക്കും.