പയ്യന്നൂർ : കണ്ടോത്ത് എ.എൽ.പി സ്കൂളിലും തൊട്ടടുത്ത കടകളിലും മോഷണശ്രമം.ദേശീയ പാതയോരത്തെ പഴയ സ്കൂൾ കെട്ടിടത്തിൽ മുൻ വാതിലിന്റെയും ഓഫീസ് മുറിയുടെയും പൂട്ട് പൊളിച്ചായിരുന്നു മോഷണത്തിന് ശ്രമിച്ചത്. ഓഫീസ് അലമാര കുത്തിത്തുറന്ന് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. സ്കൂളിൽ പണമൊന്നും ഉണ്ടായിരുന്നില്ല. വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടില്ല. സ്കൂളിന്റെ എ.സി സ്മാർട്ട് ക്ലാസ് റൂമിന് കേടുപാടുണ്ടായില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.എസ്.ഐ ഗിരീഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി. പയ്യന്നൂർ ഉപജില്ല വിഭ്യാഭ്യാസ ഓഫീസർ ടി.വി. സുചിത്രയും സ്കൂളിലെത്തി . സ്കൂളിന് സമീപത്തെ ഔഷധി മരുന്ന് ശാല , ലോട്ടറി സ്റ്റാൾ , സ്പെയർ പാട്സ് കട എന്നിവയിലും കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. സി സി ടി.വി ക്യാമറകൾ പരിശോധിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കി.