പയ്യന്നൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - തെരു ഇട റോഡിൽ സ്‌കൂട്ടർ യാത്രികനെ തടഞ്ഞു നിർത്തി 2,05,400 രൂപ കവർന്ന സംഭവത്തിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ, പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി. ഒരു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി പൊലീസ് കവർച്ച നടന്ന സ്ഥലം, പ്രതികൾ താമസിച്ച കണ്ണൂരിലെ ലോഡ്ജ് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.പ്രതികളെ ഇന്ന് തിരിച്ച് കോടതിയിൽ ഹാജരാക്കും.

കേസിൽ മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന നാലാമനു വേണ്ടിയുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്. 16 ന് രാത്രി ഏഴരയോടെയാണ് കവർച്ച നടന്നത്. പാചക വാതക ഏജൻസി ജീവനക്കാരൻ മഹാദേവ ഗ്രാമത്തിലെ സി.കെ.രാമകൃഷ്ണനാണ് അക്രമത്തിനിരയായത്.സ്‌കൂട്ടർ തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിച്ച് പണം കവർന്നതായുള്ള രാമകൃഷ്ണന്റെ പരാതിയിൽ കേസെടുത്ത പൊലീസ് 18 ന് തളിപ്പറമ്പ് പട്ടുവം സ്വദേശിയായ മുഹമ്മദ് അജ്‌മൽ (23), മന്നയിലെ മുഹമ്മദ് റുഫൈൽ (21), മുണ്ടേരി മുയ്യം സ്വദേശി മുഹമ്മദ് റിസ് വാൻ (18) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്ഥലം വിടാനുള്ള തീരുമാനത്തോടെ കണ്ണൂരെത്തിയപ്പോഴാണ് സംഘം പൊലീസിന്റെ വലയിലാവുന്നത്. പാചക വാതക ഏജൻസിയിലടക്കേണ്ട പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചെടുത്ത് അതിലുണ്ടായിരുന്ന പണം കൈക്കലാക്കിയശേഷം രാമകൃഷ്‌ണനെ തള്ളിയിട്ടാണ് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞത്.

ഡിവൈ.എസ്.പി കെ.വിനോദ് കുമാറിന് കീഴിൽ എസ്.ഐ പി. യദുകൃഷ്‌ണൻ, എസ്.ഐ , എൻ.കെ.ഗിരീശൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ കെ.വി.മനോജൻ, ഉദ്യോഗസ്ഥരായ പ്രമോദ് കടമ്പേരി, എ.ജി.അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.