തലശ്ശേരി: തലശ്ശേരി നഗരസഭ ഓഫീസിൽ നടന്ന ഹിയറിംഗിൽ 'മരിച്ചവർ" ഹാജരായി തങ്ങൾ ജീവിച്ചിരിക്കുന്നതായി തെളിയിച്ചു. മരിച്ചെന്ന് രേഖപ്പെടുത്തി പേരുകൾ നീക്കാൻ ശ്രമിച്ച രണ്ടു പേരാണ് തെളിവുകളുമായി നേരിട്ട് എത്തി ജീവനോടെ നിൽക്കുന്ന കാര്യം തിരഞ്ഞെടുപ്പ് അധികാരികൾക്ക് മുന്നിൽ വ്യക്തമാക്കിയത്.

ടെമ്പിൾ വാർഡിലെ അറയിലകത്ത് തായലക്കണ്ടി വീട്ടിൽ എ.ടി. അയിശു (84), കനോത്ത് ചങ്കരോത്ത് തട്ടാൻ വീട്ടിൽ സി.ടി. കുഞ്ഞലു (68) എന്നിവരുടെ പേര് നീക്കുന്നതിന് തലശ്ശേരി എം.കെ. നിവാസിൽ ശ്രീജിത്താണ് തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടർ പട്ടികയിൽ 002 പാർട്ടിൽ ക്രമനമ്പർ 27ൽ എ.ടി. അയിശുവിന്റെയും, ക്രമനമ്പർ 61ൽ സി.ടി. കുഞ്ഞലുവിന്റെയും പേര് രേഖപ്പെടുത്തിയിരിക്കുന്നു. ശ്രീജിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 'പരേതർ' എന്ന് കരുതി നഗരസഭയിൽ നിന്ന് ഇരുവർക്കും ഹിയറിംഗ് നോട്ടീസ് ലഭിച്ചു. ഇവർ നേരിട്ടെത്തി ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.

തെറ്റായ പരാതി നൽകിയ പരാതിക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് നേതാക്കളായ അഡ്വ. കെ.എ.ലത്തീഫ്, എ.പി.അരവിന്ദാക്ഷൻ, എ.കെ.ആബൂട്ടി ഹാജി, സി.കെ.പി.റഹീസ്, റഷീദ് കരിയാടൻ, പാലക്കൽ സാഹിർ, തഫ്ലിം മാണിയാട്ട്, എ.കെ. സക്കരിയ, മുനവ്വർ അഹമ്മദ്, വി. ജലീൽ, റഹ്മാൻ തലായി, റമീസ് നരസിംഹ, പാലക്കൽ അലവി, ദിൽഷാദ് ടി.പി, റുഫൈസ് ഉബൈസ് എന്നിവരും നഗരസഭ ഓഫീസിലെത്തി.