കണ്ണൂർ: സ്വകാര്യ ബസിൽ കണ്ടക്ടറെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യാത്രക്കാരൻ പിടിയിൽ. നിരവധി കേസു കളിൽ പ്രതിയായ ഇരിക്കൂർ സ്വദേശി കെ.ആർ സാജിദിനെയാണ് (39) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 7.10 ഓടെ താവക്കര സ്‌കൂളിനടുത്ത് ബസ് എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിട്ടി കണ്ണൂർ റൂട്ടിലോടുന്ന ഹരീശ്രീ ബസിലെ കണ്ടക്ടറായ കോളിത്തട്ട് സ്വദേശി കെ.എം.രജീഷ് കുമാറിനാണ് (28) മർദ്ദനമേറ്റത്. മട്ടന്നൂരിൽ നിന്നും ബസിൽ കയറിയ സാജിദ് ചാലോടേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. അവിടെ ഇറങ്ങാൻ പറഞ്ഞപ്പോൾ ഇറങ്ങാതെ ബസിൽ ഇരിക്കുകയായിരുന്നു.

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങാൻ പറഞ്ഞതാണ് മർദ്ദനത്തിന് കാരണമായി പരാതിയിൽ പറയുന്നത്. നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെരുപ്പ് കൊണ്ട് മുഖത്തടിക്കുകയും ചവിട്ടുകയും പേനാകത്തിപ്പോലുള്ള ആയുധം ഉപയോഗിച്ച് കൈയിലും കാലിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് സ്റ്റേഷനിലേക്ക് എടുക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. പരിക്കേറ്റ രജീഷ് കുമാർ ജില്ലാ ആശുപത്രിയിൽ ചികി ത്സതേടി.