കാഞ്ഞങ്ങാട്: വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ പലയിടത്തുമായി ഉപേക്ഷിച്ചത് സാധാരണക്കാർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പൊലീസ് സ്റ്റേഷന് പുറത്തും പഴയ എസ്.ഐ ക്വാർട്ടേഴ്സിന് സമീപത്തുമായാണ് വാഹനങ്ങൾ ഉപേക്ഷിച്ചിട്ടുള്ളത്. ഇതിൽ എസ്.ഐയുടെ പഴയ ക്വാർട്ടേഴ്സിന് സമീപത്ത് ഉപേക്ഷിച്ച വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
പുതിയകോട്ടയിലെ ഒരു കടയുടെ പിന്നാമ്പുറമാണ് ഈ വാഹനങ്ങളുള്ളത്. ഇതുവഴി ഇഴജന്തുക്കൾ കടയിലേക്ക് കയറി വരുന്നതായി കടയുടമ ആവലാതിപ്പെടുന്നു. കാടുപിടിച്ച നിലയിലാണ് ഈ ഭാഗം. ഒരു കാറും ലോറിയും ഓട്ടോയുമാണ് ഈ ഭാഗത്തുള്ളത്. മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണെങ്കിൽ ടിപ്പറും ജെ.സി.ബികളും അടക്കമുള്ളവയുണ്ട്. ഇവ ലേലം ചെയ്ത് വിൽക്കാനുള്ള നടപടികളൊന്നും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഈ വാഹനങ്ങൾ ഉൾപ്പെട്ട കേസുകൾ തീർപ്പാക്കാത്തതും വാഹനങ്ങൾ അതേപോലെ നിലനിർത്താൻ കാരണമാകുന്നു.
മണ്ണ് കടത്ത്, മണൽ കടത്ത്, ചെങ്കല്ല് കടത്ത് എന്നിങ്ങനെ നിയമ വിരുദ്ധമായി കൊണ്ടുപോകുന്ന വാഹനങ്ങളാണ് റവന്യൂ അധികൃതർ പിടികൂടി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കൊണ്ടിടുന്നത്. ചാരായവും മയക്കുമരുന്നും ഉൾപ്പെടെ കടത്തിയ വാഹനങ്ങളാണ് പൊലീസ് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിട്ടുള്ളത്. ഇവയും കേസ് തീർപ്പാക്കാത്തതാണ് ലേലം ഉൾപ്പെടെയുള്ള നടപടികൾ വൈകാൻ ഇടയാകുന്നത്.
ഏതാനും വർഷം മുമ്പ് ഇത്തരം വാഹനങ്ങൾ അന്നത്തെ ഡിവൈ.എസ്.പിയുടെ സാന്നിദ്ധ്യത്തിൽ ചട്ടഞ്ചാലിൽ ലേലം ചെയ്തിരുന്നു. ഉപേക്ഷിച്ച വാഹനം ചട്ടഞ്ചാലിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നില്ല. കാഞ്ഞങ്ങാട് നഗരം മാലിന്യമുക്തമാണെന്ന് നഗരസഭ അധികൃതർ പറയുമ്പോഴും നഗരസഭാ കാര്യാലയത്തിന് പിറകിൽ തൊണ്ടിമുതലുകളുണ്ടാക്കുന്ന ദുരിതം കുറവല്ല.
കാഞ്ഞങ്ങാട് മുനിസിപ്പൽ കാര്യാലയത്തിനു പിറകിൽ തൊണ്ടിമുതലുകൾ ഉപേക്ഷിച്ച നിലയിൽ