പഴയങ്ങാടി: എഴോം ഗ്രാമപഞ്ചായത്ത് രണ്ടാം ഭാഗം ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഏഴോം കോട്ടക്കീൽ ഫിഷ് ലാൻഡ് സെൻററിൽ കുപ്പം പുഴയിലുള്ള വന്യമത്സ്യ വൈവിധ്യത്തെ കുറിച്ചുള്ള സർവ്വേ നടന്നു. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ആർ സ്വരണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ശ്രീലക്ഷ്മി ഹരീഷ്, കെ.സൂര്യ , എം.നീതു, എം.റസ്‌ലീന, രാജേശ്വരി നമ്പ്യാർ, വി.വി ഹൃദ്യ ,കെ.വിദയ,ആതിര വിനോദ് കുമാർ എന്നിവർ സർവ്വേയിൽ പങ്കെടുത്തു.
കോട്ടക്കീലിൽ ഫിഷ് ലാൻഡിംഗ് സെന്ററിൽ രാവിലെ പുഴയിൽ നിന്ന് മത്സ്യവുമായ എത്തിച്ചേർന്ന മത്സ്യത്തൊഴിലാളികളായ പി.രാജൻ ,കെ.അനിൽ , കൈക്കോട്ട് മോഹനൻ, കൈക്കോട്ട് നാരായണൻ എന്നിവരുമായി അഭിമുഖം നടത്തി. കുപ്പം പുഴയിൽ നിന്ന് ലഭിച്ച വിവിധതരം മത്സ്യങ്ങളെ വിദ്യാർത്ഥികൾ വർഗീകരിച്ച് അതിന്റെ ശാസ്ത്രീയ നാമവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്ററിലെ വിവര ശേഖരണത്തിന് നൽകും. ഉൾനാടൻ മത്സ്യബന്ധനം നടക്കുന്ന പ്രധാനപ്പെട്ട ഒരു പ്രദേശമാണ് ഏഴോം.
വേലിയേറ്റത്തിന്റെ സമയത്ത് വ്യത്യസ്തങ്ങളായ മത്സ്യങ്ങളും മറ്റ് ജല ജന്തുക്കളും എത്തിച്ചേരുന്നത് പഠനത്തിന് വിധേയമാക്കി. മത്സ്യ സമ്പത്തിന്റെ കുറവുണ്ടെങ്കിലും പുതിയ അധിനിവേശ മത്സ്യങ്ങൾ ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമീൻ, ചെമ്പല്ലി, കടുവ, കാര /ചെമ്മീൻ, കാമ്പി, കാരാ ചൂട്ടാച്ചി , ഏട്ടാ, ഞണ്ട് , ഇറിയൻ വാരത്തോൾ ഇങ്ങനെയുള്ള വൈവിധ്യങ്ങളായ മത്സ്യങ്ങളുടെ വിവരങ്ങളുടെ ശേഖരിച്ചു. ജൈവവൈവിധ്യ രജിസ്റ്ററിൽ ഇതിന്റെ ചിത്രങ്ങളും ശാസ്ത്രീയ നാമങ്ങളും ഇതിന്റെ ഉപയോഗങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ രേഖപ്പെടുത്തും. ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന പി.വി പ്രസാദ് , എം.രഞ്ജിത് കുമാർ , വി.ബാലകൃഷ്ണൻ, രവീന്ദ്രൻ തിടിൽ പുരുഷോത്തമൻ എന്നിവരും സർവ്വേ രംഗത്ത് പങ്കെടുത്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, പഞ്ചായത്ത് മെമ്പർ പി.രാജൻ,പഞ്ചായത്ത്' മീഡയ കൺവീനർ അനിൽ നരിക്കോട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.