കണ്ണൂർ: ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ അതിവേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം മാത്രം 2000ത്തിലധികം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ മാത്രമാണ് കണക്കിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ കേസുകൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ കണക്ക് കൂടുതൽ ഉയരും.

2021ൽ ആറു കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തത്. 2022ൽ ഇത് എട്ടായി ഉയർന്നു. 23ൽ 70 കേസുകളായി ഉയരുകയും മൂന്ന് മരണങ്ങളുമുണ്ടായി. 2024ൽ വലിയ തോതിലുള്ള വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 900 കേസുകൾ. മരണം എട്ടായി കൂടി. 2025ലും വള‌ർച്ച പരിധി വിടുന്ന കാഴ്ചയാണ്. ആഗസ്റ്റ് വരെ 2000ത്തിൽ അധികം കേസുകൾ.

മലയോര പ്രദേശങ്ങളിലെ സ്‌കൂളുകൾ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഇരിട്ടിയിലെ ഒരു സ്‌കൂളിൽ മാത്രം 35 വിദ്യാർത്ഥികൾക്കും 3 അദ്ധ്യാപകർക്കും രോഗം ബാധിച്ചു. സ്‌കൂളിന്റെ കിണറ്റിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


രോഗം കൂടുതലായി
റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ:
തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ്, ഇരിട്ടി, ആറളം, ചിറക്കൽ, ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റിയാട്ടൂർ, പാനൂർ, ചപ്പാരപ്പടവ്, മാലൂർ


മലിനജല പ്രശ്നം
വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് മലിനജലത്തിന്റെയും കുടിവെള്ള സ്രോതസുകളുടെയും മലിനീകരണമാണ് രോഗവ്യാപനത്തിന് കാരണം. ഇത്തവണ പലർക്കും രോഗത്തിന്റെ തീവ്രത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. നിരവധി പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നിട്ടുണ്ട്.

ഡെങ്കിപ്പനിയും ആശങ്കാജനകം:

4181 കേസുകൾ

കണ്ണൂർ ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്കാണ്. മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


മലേറിയ
44 മലേറിയ കേസുകൾ (എല്ലാവരും അതിഥി തൊഴിലാളികളും പ്രവാസികളും). തദ്ദേശീയ മലേറിയ കേസുകൾ ഇല്ല


മന്തുരോഗം
നിലവിൽ 876 രോഗികൾ