തലശ്ശേരി: സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരിൽ ബസിൽ വച്ച് മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി ചൊക്ലി പൊലീസിൽ കീഴടങ്ങി. വേളം ചേരാപുരം പോയിലോത്തും പൊയിൽ ടി. അഖിൽ, മൊകേരി കോവക്കുന്ന് വെൺകാലുള്ള തറേമ്മൽ വി.ടി അർജുൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ 10 പേർ പിടിയിലായി. തലശ്ശേരി പെരിങ്ങത്തൂർ തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ചെന്നായിരുന്നു കേസ്.
നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദ്, വിഷ്ണു, ജിനേഷ് എന്നിവർ ഇക്കഴിഞ്ഞ ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റിയാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത്, കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്‌പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 29 -ാം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്.