പാനൂർ: മേക്കുന്ന്, പെരിങ്ങളം, ചൊക്ലി ഏരിയകളിൽ മഞ്ഞപ്പിത്തം വ്യാപിച്ച സാഹചര്യത്തിൽ ഓണം നബിദിനം ആഘോഷങ്ങളിലും, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലും ഭക്ഷണ കുടിവെള്ള വിതരണത്തിൽ കർശന നിയന്ത്രണത്തിന് മേക്കുന്നിൽ ചേർന്ന ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ചൂടുള്ളതൊഴികെ വെൽകം ഡ്രിംഗുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വിതരണം ചെയ്യാൻ പാടില്ല.
സദ്യകളിൽ വെള്ളത്തിന്റെ സ്രോതസ്സ് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിച്ച് സുരക്ഷിത വെള്ളം ഉറപ്പാക്കണം. വീടുകളിൽ നിന്ന് വിവിധ ഭക്ഷ്യ വിഭവങ്ങൾ കൊണ്ടുവരുന്ന രീതി പൂർണമായും ഉപേക്ഷിക്കണം.
ഹെൽത്ത് കാർഡില്ലാത്ത മുഴുവൻ ജീവനക്കാരും ഒരാഴ്ചക്കുളളിൽ മെഡിക്കൽ ഫിറ്റ്നസ് ഹാജരാക്കണം.
ആരോഗ്യ പ്രവർത്തകർ മുഖേന ശേഖരിക്കുന്ന വാട്ടർ സാമ്പിൾ റിസൾട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ.
ഭക്ഷണ വിതരണം നടക്കുന്ന ചടങ്ങുകൾ 20 ദിവസം മുമ്പ് അധികൃതരെ അറിയിക്കണം.

മേക്കുന്ന് സത്യൻ സ്മാരക ഹാളിൽ ചേർന്ന 'കവചം' രോഗപ്രതിരോധ ജനകീയ കൂട്ടായ്മ നഗരസഭ ചെയർമാൻ . കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. എം രാജേഷ് അദ്ധ്യക്ഷനായി.
ജില്ലാ സർവ്വയലൻസ് ഓഫീസർ ഡോ:അനീറ്റ.കെ. ജോസി, ടെക്നിക്കൽ അസി. ഇൻ ചാർജ് സലീം.സി.പി എന്നിവർ വിഷയാവതരണം നടത്തി. വി നാസർ, ഉമൈസ തിരുവമ്പാടി, ജില്ല ടെക്നിക്കൽ അസിസ്റ്റന്റ് കെ.ജി.ഗോപിനാഥൻ,
ഡോ. രഹനാസ്, ഡോ. റോസ്ന രവീന്ദ്രൻ, ഡോ. ജംഷീർ.വി, ഹെൽത്ത് സൂപ്പർവൈസർ മനോജ് ഡി.കെ, ഡോ.ഷിനി. കെ.കെ (ആയുർവേദം), എപ്പിഡമോളജിസ്റ്റ്മാരായ ഡോ. അഖിൽ രാജ്, ഡോ:അനഘ സ്വാമിനാഥൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ബിന്ദു.ടി, ജീന. കെ പി., മഞ്ജുഷ, ഷഫീക്, സുനിത വി. എം, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു പി.വി നന്ദിയും പറഞ്ഞു.


മഞ്ഞപ്പിത്ത ബാധയുള്ളവർ അക്കാര്യം ബന്ധുക്കളെയും മറ്റും അറിയിച്ച് സന്ദർശനം വിലക്കണം

രോഗിയും രോഗിയുമായി അടുത്ത് ഇടപഴകിയവരും ആഘോഷ പരിപാടികളിൽ ഭക്ഷണം കൈകാര്യം ചെയ്യരുത്. ചടങ്ങുകളിൽ നിന്ന് പരമാവധി വിട്ടു നിൽക്കുക


വാർഡ് സാനിറ്റേഷൻ കമ്മറ്റികൾ ചേരും

എല്ലാ തിങ്കളാഴ്ചകളിലും മേക്കുന്ന് പെരിങ്ങളം കരിയാട് എന്നീ മൂന്ന് പി.എച്ച്.സികൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് അവലോക യോഗങ്ങൾ നടത്തും. വാർഡുകളിൽ ക്ലോറിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. കുടുംബശ്രീ ആരോഗ്യ വളണ്ടിയർമാരുടെ കൂട്ടായ്മ ആരോഗ്യശ്രീ ഉടൻ പ്രവർത്തനമാരംഭിക്കും. സെപ്തംബർ 14ന് സന്ദേശദിനം ആചരിക്കും.